പേയല്ല, ഡിസ്റ്റംബർ ബാധ; നായ്ക്കളെ തല്ലി കൊല്ലല്ലേ...

തൃശൂർ: മൂക്കിൽനിന്നും വായിൽനിന്നും ഒഴുകുന്ന സ്രവം, ശരീരമാസകലം പുഴുവരിച്ച ദൈന്യത, കുരക്കാനോ ചാടാനോ വയ്യ... നായ് ആക്രമണങ്ങളിലും പേവിഷ ബാധ മരണങ്ങളുടെയും പശ്ചാത്തലത്തിൽ ഈ ലക്ഷണം കാണിച്ചവയെയും പേവിഷ ബാധിതരെന്ന് കരുതി കൊന്നൊടുക്കിയതായി പരാതി.

പേവിഷ ബാധയോട് സമാനമായ ലക്ഷണം കാട്ടുന്ന കനൈൻ ഡിസ്റ്റംബർ എന്ന വൈറസ് മൂലമുണ്ടാകുന്ന രോഗ ലക്ഷണങ്ങളാണ് ഇവ. ഭയമില്ലായ്മ, ലക്ഷ്യമില്ലാതെ ചുറ്റികറങ്ങൽ എന്നിവ ലക്ഷണങ്ങളാണ്. എപ്പോഴും വായിൽനിന്ന് സ്രവം ഒലിച്ചുകൊണ്ടിരിക്കും.

കണ്ടാൽ തന്നെ ഭയം ജനിപ്പിക്കുന്ന ഈ അസുഖം മിക്ക ജില്ലകളിലും വ്യാപകമാണെന്നും പേവിഷ ബാധയാണെന്ന് തെറ്റിദ്ധരിക്കാറുണ്ടെന്നും വെറ്ററിനറി ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

രോഗബാധയേറ്റ മുതിര്‍ന്ന നായ്ക്കളില്‍ 50 ശതമാനം വരെയും നായ്ക്കുട്ടികളില്‍ 80 ശതമാനംവരെയും മരണ സാധ്യത നിലനില്‍ക്കുന്ന രോഗമാണ് ഡിസ്റ്റംബർ. ഈ അസുഖം മനുഷ്യരിലേക്ക് പടരില്ല. കഴിഞ്ഞ ആറുമാസമായി വ്യാപകമായി രോഗം പടരുന്നുണ്ടെന്നാണ് വിലയിരുത്തൽ.

വൈറസ് നാഡീവ്യൂഹത്തെയും തലച്ചോറിനേയും ബാധിക്കുന്നതോടെ കാലിലേയും തലയിലേയും അനിയന്ത്രിതമായ വിറയല്‍, വേച്ച് പോവല്‍, കൈകാലുകളുടെ തളര്‍ച്ച, വായില്‍നിന്നും നിയന്ത്രണാതീതമായി ഉമിനീര്‍ ഒഴുകുക എന്നിവ പ്രകടമാകും.

ചില നായ്ക്കളില്‍ വയറിനടിയിലും തുടകള്‍ക്കിടയിലും പഴുപ്പ് നിറഞ്ഞ കുമിളകള്‍ പ്രത്യക്ഷപ്പെടുകയും നായ്ക്കളുടെ കാല്‍പ്പാദത്തിനടിവശം കട്ടിയാവുകയും ചെയ്യുന്നു. രോഗബാധയേറ്റാല്‍ ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമല്ല.

രോഗബാധയില്‍നിന്നും രക്ഷനേടാനുള്ള ഏക മാര്‍ഗം കൃത്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുക മാത്രമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. വായുവിലൂടെ പകരുന്ന രോഗമാണിത്. ആറാഴ്ച പ്രായമുള്ള പട്ടിക്കുട്ടികൾക്ക് മുതൽ വാക്‌സിൻ നൽകണം. നാലാഴ്ച കഴിഞ്ഞാൽ ബൂസ്റ്റർ ഡോസും നൽകണം. അതിനുശേഷം വർഷം തോറും വാക്‌സിനേഷൻ ചെയ്യണം.

Tags:    
News Summary - stray dog-the plague of distemper-not rabies its a desease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.