തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി വീണ്ടും ആരംഭിക്കാനിരിക്കുന്ന വാക്സിനേഷൻ കാമ്പയിന് വെല്ലുവിളിയായി തുടക്കത്തിലെ സാമ്പത്തിക പ്രതിസന്ധി. സെപ്റ്റംബർ ഒന്നുമുതൽ ഒരുമാസം നീളുന്ന തീവ്രയജ്ഞ പരിപാടിയാണ് തദ്ദേശ- മൃഗസംരക്ഷണ വകുപ്പുകൾ ആലോചിക്കുന്നത്. ഇതിലേക്ക് ആവശ്യമായ തുക മിക്ക പഞ്ചായത്തുകളും നീക്കിവെച്ചിട്ടില്ല. നീക്കിവെച്ചിടങ്ങളിലാകട്ടെ, തുക പര്യാപ്തവുമല്ല.
കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ ഒരുമാസം നീളുന്ന തീവ്രയജ്ഞ വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിച്ചപ്പോഴും സ്ഥിതി ഇതുതന്നെ ആയിരുന്നു. അതിനാൽ നാമമാത്രം തെരുവുനായ്ക്കൾക്ക് മാത്രമേ അന്നും വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അതു പരിഹരിക്കാൻ ഈ സാമ്പത്തിക വർഷം പഞ്ചായത്തുകൾ അടക്കം തദ്ദേശ സ്ഥാപനങ്ങൾ തെരുവുനായ് വാക്സിനേഷന് ആവശ്യമായ തുക നീക്കിവെക്കണമെന്നും തദ്ദേശസ്ഥാപനങ്ങൾ തനത് ഫണ്ടിൽനിന്നും തുക കണ്ടെത്തണമെന്നും നിർദേശം നൽകിയിരുന്നു. പക്ഷേ, മിക്ക തദ്ദേശ സ്ഥാപനങ്ങളും ഒരു ലക്ഷവും ഒന്നരലക്ഷവും രൂപമാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. അതിനാൽ കാമ്പയിൻ ഒരിടത്തും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. 550 രൂപയാണ് ഒരു നായ്ക്ക് വാക്സിനേഷനുള്ള ചെലവ്. വിവിധ ജില്ലകളിലായി 2.89 ലക്ഷം തെരുവുനായ്ക്കൾ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച കാമ്പയിനിൽ വെറും 32,000 തെരുവുനായ്ക്കൾക്ക് മാത്രമാണ് വാക്സിൻ നൽകാനായത്.
അതേസമയം, 4.5 ലക്ഷത്തോളം വളർത്തുനായ്ക്കൾക്ക് വാക്സിൻ നൽകാനായി എന്നതാണ് കാമ്പയിന്റെ നേട്ടമായി ഇപ്പോൾ ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ, വളർത്തുനായ്ക്കളുടെ വാക്സിനേഷൻ ചെലവ് മുഴുവൻ വഹിച്ചത് ഉടമയാണ്. രണ്ടാംഘട്ട വാക്സിനേഷനിൽ കഴിഞ്ഞവർഷം നൽകിയ നായ്ക്കൾക്ക് ബൂസ്റ്റർ വാക്സിനേഷനും നൽകേണ്ടതുണ്ട്. 32,000 ത്തോളം വരുന്ന തെരുവുനായ്ക്കൾക്ക് ബൂസ്റ്റർ വാക്സിൻ നൽകാനുള്ള തുകയും ഇതിനൊപ്പം കണ്ടെത്തണം.
പ്രതിസന്ധിക്കിടയിലും വാക്സിനേഷൻ കാമ്പയിനുവേണ്ടിയുള്ള നടപടികൾ അന്തിമഘട്ടത്തിലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ആവശ്യമായ വാക്സിൻ എല്ലാ ജില്ലകളിലും എത്തിച്ചുകഴിഞ്ഞു. നിലവിലുള്ള 456 നായ് പിടിത്തക്കാർക്ക് പുറമെ, കുടുംബശ്രീയിൽ നിന്ന് 900 നായ് പിടിത്തക്കാർക്കുകൂടി പരിശീലനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.