തിരുവനന്തപുരം: നിരോധിത വനമേഖലകളിൽ അതിക്രമിച്ചുകയറുന്ന വാഹനങ്ങൾക്കുള്ള പിഴത്തുക അഞ്ചിരട്ടി വർധിപ്പിക്കാൻ ശിപാർശ. ഇതുസംബന്ധിച്ച നിയമഭേദഗതി ആഗസ്റ്റിൽ ചേരുന്ന നിയമസഭ സമ്മേളനത്തിൽ പരിഗണനക്ക് വരും. കേരള ഫോറസ്റ്റ് ആക്ടില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ശിപാര്‍ശ വനംവകുപ്പ് നിയമവകുപ്പിന് കൈമാറി.
നിലവില്‍ വനത്തിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശിക്കുന്ന വാഹനങ്ങൾക്ക് 1000 മുതല്‍ 5,000 രൂപവരെ പിഴയും ഒരുവര്‍ഷം മുതല്‍ അഞ്ച് വര്‍ഷംവരെ തടവുമാണ് ശിക്ഷ. ഇതില്‍ പിഴത്തുക അഞ്ചിരട്ടിയാക്കണമെന്നാണ് ശിപാര്‍ശ. അതായത് പിഴ 25,000 വരെയാകും. എന്നാല്‍, തടവുശിക്ഷ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തുടരും. പ്ലാസ്റ്റിക്, ഇറച്ചി- മത്സ്യമാലിന്യം അടക്കമുള്ളവ തള്ളുന്നതിനാണ് പ്രധാനമായും വാഹനങ്ങൾ അതിക്രമിച്ചുകടക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ വനമേഖലയിലും ഇതാണ് അവസ്ഥ. വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്- കൊല്ലേഗല്‍ ദേശീയപാതയുടെ ഇരുഭാഗത്തും വാഹനങ്ങളിലെത്തി മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. അതിരപ്പിള്ളി വനമേഖലയില്‍ സാനിറ്ററി നാപ്കിനുകള്‍ അടക്കം തള്ളുന്നു.
തീര്‍ഥാടനകാലത്ത് ശബരിമലയിലും പമ്പാനദിയിലുമായി 500 ടണ്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയതായി നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. മാലിന്യനിക്ഷേപം തടയുന്നതിന് അധികാരം അതത് തദ്ദേശ സ്ഥാപനങ്ങൾക്കാണ്. വന്യജീവി സങ്കേതങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുതള്ളുന്ന മാലിന്യങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ പ്രത്യേകം നടപടിയും സ്വീകരിക്കും. നിരോധിത വനമേഖലകളിലാണെങ്കിൽ അതിന് വനംവകുപ്പ് തന്നെയാവും വേറെ പിഴ ചുമത്തുക.
1961 ലെ കേരള ഫോറസ്റ്റ് ആക്ടില്‍ 1993ലാണ് ഭേദഗതി വരുത്തി ശിക്ഷാത്തുക 1000 മുതല്‍ 5,000 രൂപ വരെയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.