സർക്കാർ ജീവനക്കാരുടെ പണിമുടക്ക്​ നിയമവിരുദ്ധം

കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും ഹൈകോടതി. സർവിസ്, പെരുമാറ്റച്ചട്ടങ്ങളും സർക്കാറിന്‍റെ സർക്കുലറുകളും വിജ്ഞാപനങ്ങളും ലംഘിച്ച് പൊതുജനങ്ങളെയും ഖജനാവിനെയും ബാധിക്കുന്ന തരത്തിൽ സമരം ചെയ്യാൻ നിയമപരമായി അവകാശമില്ല. നിയമവിരുദ്ധ സമരങ്ങൾ ചെയ്യുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 2022 മാർച്ച് 28, 29 തീയതികളിൽ ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് സമരം ചെയ്ത ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി ചന്ദ്രചൂഡൻ നായർ നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.

പണിമുടക്ക് തടയണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് മുമ്പാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. ജീവനക്കാർ പണിമുടക്കുന്നത് തടഞ്ഞ് ഉത്തരവിറക്കാൻ കോടതി നിർദേശിക്കുകയും ചെയ്തു. തുടർന്ന് അത്യാവശ്യക്കാർക്ക് മാത്രമേ അവധി നൽകൂ, ജോലിക്ക് വരാത്തവർക്ക് ഡയസ്നോൺ ബാധകമാക്കും, ഏപ്രിലിലെ ശമ്പളത്തിൽ കുറവുവരുത്തും തുടങ്ങിയ വ്യവസ്ഥകളോടെ പണിമുടക്ക് തുടങ്ങിയതിന്‍റെ പിറ്റേന്ന് സർക്കാർ ഉത്തരവിറക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ കോടതി വീണ്ടും നിർദേശിച്ചു. മാർച്ച് 28ന് ഹാജരാകാത്ത 1,96,931 ജീവനക്കാരുടെയും 29ന് ഹാജരാകാത്ത 1,56,845 പേരുടെയും ശമ്പളം തടഞ്ഞതായി സർക്കാർ മറുപടി നൽകി. 28ന് ഹാജരാകാതിരുന്ന 24 പേർക്കെതിരെയും 29ന് ജോലിക്കെത്താതിരുന്ന നാലുപേർക്കെതിരെയും അച്ചടക്ക നടപടിയുമെടുത്തു. വനം, റവന്യൂ, ഹയർ സെക്കൻഡറി, പൊതുമരാമത്ത് വകുപ്പുകളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.

സമരം ചെയ്തവർക്കെതിരെ നടപടിയെടുത്തുവെന്ന സർക്കാറിന്‍റെ വിശദീകരണം ഈ കണക്കുകളിൽനിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. സമരദിനങ്ങളിൽ ശമ്പളത്തോടെ അവധി അനുവദിച്ച് സർക്കാർ നേരത്തേ ഇറക്കിയ ഉത്തരവ് ഹൈകോടതി റദ്ദാക്കിയിരുന്നു. സുപ്രീംകോടതി ഇതിൽ സ്റ്റേ അനുവദിക്കാത്ത സാഹചര്യത്തിൽ സർക്കാർ നടപടികൾ തുടരാനും കോടതി നിർദേശിച്ചു.

ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമുണ്ടോയെന്ന ചോദ്യം 2021ലെ ജി. ബാലഗോപാലൻ കേസിൽ നേരത്തേ പരിഗണിച്ചിട്ടുള്ളതാണെന്നും സർവിസ് ചട്ടവും സർക്കാർ ജീവനക്കാർക്ക് ബാധകമായ പെരുമാറ്റച്ചട്ടവും സർക്കാർ ഉത്തരവുകളും ലംഘിച്ച് ജീവനക്കാർക്ക് സമരത്തിൽ പങ്കെടുക്കാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. സർവിസ് റൂളിനും പെരുമാറ്റച്ചട്ടങ്ങൾക്കും വിരുദ്ധമായി സമരം ചെയ്യാൻ അവകാശമില്ലെന്നാണ് ബാലഗോപാലൻ കേസിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. സമരം ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും വ്യക്തമാക്കി. ചന്ദ്രചൂഡൻ നായരുടെ ഹരജിയിലും ഇതു ബാധകമാണ്. അതിനാൽ, ചട്ടം ലംഘിച്ച് പണിമുടക്കിയവർക്കെതിരെ നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Strike by government employees is illegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.