കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈകോടതിയിൽ. പൊലീസ് ഉദ്യോഗസ്ഥരെ അനുഭവിപ്പിക്കുമെന്ന് പറഞ്ഞത് വെറും ശാപവാക്കുകളല്ലെന്ന് വ്യക്തമാക്കിയാണ് ശനിയാഴ്ച പ്രത്യേക സിറ്റിങ്ങിനിടെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ നിരത്തിയത്. അതേസമയം, നടിയെ ആക്രമിച്ച സംഭവത്തിൽ തനിക്കെതിരെ തെളിവുകളുണ്ടാക്കാൻ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന ആരോപിച്ച് പുതിയ കേസെടുത്തിരിക്കുന്നതെന്ന് ദിലീപും വാദിച്ചു.
2017 ഡിസംബറിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സൂരജ് എന്നിവർ എറണാകുളം എം.ജി റോഡിലെ മേത്തർ ഹോം ഫ്ലാറ്റിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂഷൻ ആരോപിച്ചു. 2018 മേയിൽ ആലുവ പൊലീസ് ക്ലബിന് സമീപത്തുകൂടി ദിലീപും മറ്റുപ്രതികളും പോകുമ്പോൾ വാഹനത്തിന്റെ വേഗം കുറക്കുകയും ആക്രമിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ആലുവ സ്വദേശി ശരത്തും സിനിമ നിർമാതാവായ ഒരു പ്രവാസി മലയാളിയും തമ്മിലെ തർക്കത്തിനിടെ ഇക്കാര്യം പറയുന്നുണ്ട്. ഗൂഢാലോചന സംബന്ധിച്ച് ദിലീപിന്റെ ജീവനക്കാരനായിരുന്ന ദാസന്റെയും സലീം എന്നയാളുടെയും മൊഴിയുണ്ട്. തെളിവുകൾ കൂടുതൽ സാധൂകരിക്കാൻ പ്രതികളുടെ മൊബൈൽ ഫോണുകളുടെ പരിശോധന അനിവാര്യമായതിനാലാണ് അവ ആവശ്യപ്പെട്ടത്.
സംവിധായകൻ ബാലചന്ദ്ര കുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം ചോദ്യം ചെയ്യലിൽ ശരിവെക്കുകയും ചെയ്തിട്ടുണ്ട്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ വന്നതോടെ പ്രതികൾ ഒരേസമയം മൊബൈൽ ഫോണുകൾ മാറ്റിയത് ഗൂഢാലോചനക്കുള്ള തെളിവാണ്. കേരളത്തിന് പുറത്ത് ഫോണുകൾ പരിശോധിക്കണമെന്നാണ് പ്രതികൾ ആവശ്യപ്പെടുന്നത്. പ്രതികൾതന്നെ അന്വേഷണത്തിന് വ്യവസ്ഥകളുണ്ടാക്കുന്നു. ഏതെങ്കിലും പ്രതിക്ക് ഇങ്ങനെ അവസരം ലഭിച്ചിട്ടുണ്ടോയെന്നും പ്രോസിക്യൂഷൻ ആരാഞ്ഞു.
എന്നാൽ, നടിയെ ആക്രമിച്ച കേസിൽ കൂട്ടുപ്രതികളുടെ മൊഴിയല്ലാതെ തനിക്കെതിരെ തെളിവുകളില്ലാത്ത സാഹചര്യത്തിൽ വിചാരണ തടസ്സപ്പെടുത്തി നീട്ടിക്കൊണ്ടു പോകാനാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്‍റെ പേരിലുള്ള നാടകമെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഒരു മാസമായി വേട്ടയാടുകയാണ്. ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങൾ തള്ളാനാവുന്ന വിവരങ്ങൾ ഫോണിലുണ്ട്. ഇത് വീണ്ടെടുക്കാനാണ് ഇവ മുംബൈയിലെ ഒരു ഏജൻസിക്ക് പരിശോധനക്ക് നൽകിയത്. ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാൻ ആകെയുള്ള ഈ തെളിവുകൾ പുതിയ കേസിന്റെ പേരിൽ പിടിച്ചെടുത്ത് നശിപ്പിച്ചാൽ നീതി നിഷേധിക്കപ്പെടും.
ഡിസംബർ 29ന് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലും തുടരന്വേഷണവും വരുന്നത്. തനിക്കെതിരെ തെളിവുണ്ടാക്കാൻ കൂടുതൽ സമയം ലഭിക്കാനാണ് തുടരന്വേഷണം. വിചാരണ നീട്ടാൻ വിചാരണക്കോടതി ജഡ്ജിയെ സമ്മർദത്തിലാക്കുകയാണ് അന്വേഷണസംഘം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്നും തന്നെ കസ്റ്റഡിയിൽ കിട്ടിയാൽ ഇത് തന്റെ പക്കൽനിന്ന് ലഭിച്ചെന്നതിന് തെളിവുണ്ടാക്കാൻ കഴിയുമെന്നും ദിലീപ് വാദിച്ചു. പെൻഡ്രൈവ് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിൽ ഹരജി നൽകിയതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.