ആലുവ: മൊഫിയക്ക് നീതിതേടി സമരം ചെയ്തതിന് അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ആരോപണവുമായി പൊലീസ്. ഡി.ഐ.ജിയുടെ കാർ ആക്രമിച്ചെന്ന കേസിലാണ് പ്രതികളുടെ തീവ്രവാദ ബന്ധം അന്വേഷിക്കുന്നതിനടക്കം പൊലീസ് കസ്‌റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ഈ ആരോപണം കോടതിയിൽ പൊലീസിന് വിനയായി.
പൊതുപ്രവർത്തകർക്കെതിരെ മനപ്പൂർവം വിരോധം വെച്ച് തീവ്രവാദ ബന്ധം ആരോപിച്ചതാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.വൈ. ടോമി വാദിച്ചു. ഇതേ സംഭവത്തിൽ ജാമ്യമില്ലാത്ത മൂന്ന് കേസ് ഉണ്ടെങ്കിലും ഈ കേസിൽ മാത്രമാണ് പൊലീസ് തീവ്രവാദ ബന്ധം ആരോപിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതോടെ മജിസ്ട്രേറ്റ് മൂന്നുകേസിലെ എഫ്.ഐ.ആർ പരിശോധിക്കുകയും സാഹചര്യം വിലയിരുത്തി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് 63,700 രൂപ ജാമ്യത്തുക കെട്ടി വെച്ചുള്ള ജാമ്യം അനുവദിക്കുകയും ചെയ്തു.
പൊലീസിെൻറ റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾ തീവ്രവാദ ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു. ഈ രീതിയിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയ പൊലീസിനെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യരീതിയിൽ സമരം ചെയ്ത കോൺഗ്രസ് പ്രസ്ഥാനത്തെയും അതിെൻറ പ്രവർത്തകരെയും അവഹേളിക്കുകയാണ് റിമാൻഡ് റിപ്പോർട്ടിലൂടെ ചെയ്തത്. ഈ തീവ്രവാദബന്ധം റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചത് സർക്കാറിെൻറ അറിവോടുകൂടിയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. എസ്.പിയെ ഫോണിൽ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.