കാസർകോട്: ഗവ. കോളജ് പ്രിൻസിപ്പൽ വിദ്യാർഥിയെക്കൊണ്ട് കാലുപിടിപ്പിച്ചെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കോളജിൽനിന്ന് പുറത്താക്കാതിരിക്കാൻ തെൻറ കാലുപിടിക്കണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, എന്താണ് പുറത്താക്കാനുള്ള കാരണമെന്നത് പ്രിൻസിപ്പൽ വ്യക്തമാക്കുന്നില്ല. ഈ രീതിയിൽ പെരുമാറുന്ന അധ്യാപികക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് നവാസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിദ്യാർഥികളെക്കൊണ്ട് കാലുപിടിപ്പിച്ച് മാപ്പ് പറയിപ്പിക്കൽ, ആണും പെണ്ണും സംസാരിച്ചാൽ ഇടപെടൽ, തട്ടമിട്ടുവരുന്നത് വർഗീയത ഉണ്ടാക്കാനാണെന്ന് ആരോപിക്കൽ, വിദ്യാർഥികൾ കഞ്ചാവ് കടത്തുന്നതായി ആരോപിക്കൽ, വൈകല്യങ്ങൾ ഉള്ളവരെ പരിഹസിച്ച് മാനസികമായി ദ്രോഹിക്കൽ, ഹോസ്റ്റൽ വിദ്യാർഥികളെയും മുസ്ലിം വിദ്യാർഥികളെയും മനപ്പൂർവം ദ്രോഹിക്കൽ തുടങ്ങിയവ ഈ അധ്യാപികയുടെ സ്ഥിരം പരിപാടിയാണെന്ന് നവാസ് ആരോപിച്ചു.
കോളജിലെ രണ്ടാം വർഷ വിദ്യാർഥിയെ കാലുപിടിപ്പിക്കുന്നുവെന്നത് ഗവ. കോളജ് അധ്യാപികയെന്നത് അമ്പരപ്പിക്കുന്നതാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി, ഡി.ജി.പിയുൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ല പ്രസിഡൻറ് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, അഷ്റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗർ, ഷാനിഫ് നെല്ലിക്കട്ട, കോളജ് യൂനിറ്റ് പ്രസിഡൻറ് ജാബിർ ഷിബിൻ എന്നിവർ പങ്കെടുത്തു.
പ്രിൻസിപ്പൽ ഡോ. എം. രമയുടെ വിശദീകരണം: ആരോപണം വാസ്തവ വിരുദ്ധമാണ്. നവംബർ 15ന് മാസ്ക്കിടാെത നടക്കുന്നത് കണ്ടപ്പോൾ മാസ്ക്കിട്ട് അകലംപാലിച്ച് നടക്കണം എന്നാവശ്യപ്പെട്ടു. കാലുപിടിപ്പിച്ചുവെന്ന് പറയുന്ന വിദ്യാർഥി, തന്നെ അടിക്കാൻവന്നു. മറ്റ് വിദ്യാർഥികൾ അവനെ പിടിച്ചുമാറ്റുകയായിരുന്നു. പ്രശ്നം സംഘർഷത്തിലേക്ക് പോയപ്പോൾ പൊലീസിനെ വിളിച്ചു.
പൊലീസ് വിദ്യാർഥിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പിഴയീടാക്കി. കൈയേറ്റത്തിനു ശ്രമിച്ചതിന്, എഴുതിത്തയാറാക്കിയ പരാതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. പരാതി നൽകാനുള്ള നീക്കത്തിനിടയിൽ വിദ്യാർഥി തന്നെ പലതവണ വിളിച്ച് പരാതി നൽകരുതെന്നും താൻ വന്നുകാണാമെന്നും പറഞ്ഞു.
തുടർന്ന് തിങ്കളാഴ്ച വന്ന് തെൻറ കാലിൽ വീഴുകയായിരുന്നു. കോളജിൽ ദേശീയ പതാകക്ക് ചുറ്റും എം.എസ്.എഫ് പതാകകൾ നാട്ടിയത് എം.എൽ.എയും പൊലീസും ചേർന്ന് അഴിപ്പിക്കുകയായിരുന്നു. ഇതിലുള്ള പ്രതികാരമാണ് കാലുപിടിക്കൽ സംഭവത്തിലേക്ക് എത്തിച്ചത്.
കാസർകോട്: കാസർകോട് ഗവ. കോളജിൽ പ്രിൻസിപ്പൽ വിദ്യാർഥിയെക്കൊണ്ട് കാലുപിടിപ്പിച്ചു എന്ന സംഭവത്തിൽ എതിർപ്പുമായി എസ്.എഫ്.െഎയും. പരിഷ്‌കൃത സമൂഹത്തിനു ചേരാത്തതും അപലപനീയവുമാണ് സംഭവമെന്ന് കാസർകോട് ഏരിയ കമ്മിറ്റി പറഞ്ഞു. സംഭവം പ്രത്യേക സമിതി അന്വേഷിക്കണം. ഇക്കാര്യം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. വിദ്യാർഥിയെക്കൊണ്ട് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന് എം.എസ്.എഫ് ആരോപണമുന്നയിച്ചതിനു പിറകെയാണ് വിഷയത്തിൽ എസ്.എഫ്.െഎയും ഇടപെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.