കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. കെ.എസ്.യു, എ.ബി.വി.പി പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിദ്യാർഥി പ്രക്ഷോഭം ശക്തമായതോടെ കോളജ് അടച്ചു. ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദേശം നൽകി. എന്നാൽ നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഹോസ്റ്റലുകളിലും വിദ്യാർഥി സമരം ശക്തമാകുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ പുറത്താക്കണമെന്നും അവരാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.
രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, കുട്ടി തലകറങ്ങി വീണതാണെന്നാണ് കോളജ് അധികൃതർ ഡോക്‌ടറോട് പറഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികൾ ആരോപിക്കുന്നു. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നെന്നും വിദ്യാർഥികളും ബന്ധുക്കളും ആരോപിക്കുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ, മുഖ്യമന്ത്രി, ഡി.ജി.പി, കോട്ടയം ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു. പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നെന്ന ആരോപണമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ഈമാസം ഒന്നിനാണ് പെൺകുട്ടി വീട്ടിൽനിന്ന് കോളജിലേക്ക് പോയത്. രണ്ടിന് രാവിലെ വീട്ടിൽ വിളിച്ച് സംസാരിച്ചു. അപ്പോഴും പ്രശ്നങ്ങളെന്തെങ്കിലും ഉള്ളതായി പറഞ്ഞില്ല. അന്ന് ഉച്ചക്ക് എച്ച്.ഒ.ഡി കുട്ടിയുടെ പിതാവിനെ വിളിക്കുകയും ലാബിൽ മൊബൈൽഫോൺ ഉപയോഗിച്ചതായും ഫോൺ വാങ്ങിവെച്ചതായും അറിയിച്ചു.
ചില പരീക്ഷകളിൽ കുട്ടിക്ക് മാർക്ക് കുറവാണെന്നും അടുത്ത ദിവസം കോളജിലെത്താനും പിതാവിനോട് ആവശ്യപ്പെട്ടു. അന്ന് രാത്രി 8.45ന് വിളിച്ച് കുട്ടി ആശുപത്രിയിലാണെന്നും ഉടൻ എത്താനും പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞ് കുട്ടി മരിച്ചതായും അറിയിച്ചു. ആത്മഹത്യയായിരുന്നുവെന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. കോളജ് അധികൃതർ കൃത്യമായ വിവരങ്ങൾ തരുന്നില്ല. എപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നും അറിയില്ല. മൊബൈൽ ഫോൺ പൊലീസിന്‍റെ കൈവശമാണെന്നും ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ കോളജിൽ പ്രതിഷേധ സമരം ശക്തമാക്കി. എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർഥികൾ ഇന്നലെ കോളജിലേക്ക് തള്ളിക്കയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വിദ്യാർഥിനിയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യമാണ് വിദ്യാർഥികളും ബന്ധുക്കളും ഉന്നയിക്കുന്നത്. തങ്ങളുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും സത്യാവസ്ഥ അറിയാൻ തങ്ങൾക്കും താൽപര്യമുണ്ടെന്നും കോളജ് അധികൃതരും വ്യക്തമാക്കി.
ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. കോളജിലെ മുഴുവൻ വിദ്യാർഥികളും ഒത്തുചേർന്ന് കോളജ് കാമ്പസിലാണ് പ്രതിഷേധ സമരം നടത്തിയത്. കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ കോളജ് അധികൃതർ പിടിച്ചെടുത്തിരുന്നു. ശ്രദ്ധയെ മാനസികമായി തകർക്കുന്ന പെരുമാറ്റമാണ് അധികൃതരിൽനിന്നുണ്ടായത്. അതിനുശേഷം മരിക്കണമെന്ന് ശ്രദ്ധ പറഞ്ഞിരുന്നതായി സഹപാഠികൾ ആരോപിക്കുന്നു. എന്നാൽ, തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കോളജ് മാനേജർ മാത്യു പായിക്കാടും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.