കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ശിക്ഷാ നടപടി നേരിട്ട ആറ് വിദ്യാർഥികൾ. കോളേജ് കൗൺസിലിന്‍റെ തീരുമാനപ്രകാരമാണ് വിദ്യാർഥികൾ മാപ്പ് പറഞ്ഞത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്നും വിദ്യാർഥികൾ അധ്യാപകനായ ഡോ. പ്രിയേഷിനോട് പറഞ്ഞു.
സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളുടെ സസ്പെൻഷൻ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്കാദമിക് കൗൺസിൽ തുടർനടപടി തീരുമാനിച്ചത്.
കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫാസിൽ, നന്ദന, രാകേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ എന്നീ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർഥികൾ അപമാനിച്ചത്. ഇത് വിഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും വിവാദമാകുകയും ചെയ്തത്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് പുറത്തുനിന്ന് നടപടിയോ അന്വേഷണമോ വേണ്ടെന്ന് അധ്യാപകൻ നിലപാടെടുത്തിരുന്നു. പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിനെ അറിയിച്ചതോടെ സംഭവത്തിൽ കേസുമെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.