കാത്തിരുന്നത് ഓൺലൈൻ ക്ലാസ് അറിയിപ്പിനായി; ഇപ്പോൾ ആശങ്കയുടെ മുൾമുനയിൽ -യു​ക്രെയ്നിൽനിന്ന് അപർണ വേണുഗോപാൽ

കിയവ്: 'ഓൺലൈൻ ക്ലാസ് സംബന്ധിച്ച തീരുമാനം യൂനിവേഴ്സിറ്റി പ്രഖ്യാപിക്കുമോയെന്ന് അറിയാനാണ് ഇത്രയും നാൾ ഞങ്ങൾ കാത്തുനിന്നത്. തീരുമാനം വൈകു​മെന്നായപ്പോൾ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ, യുദ്ധസാഹചര്യത്തിൽ ഈ വിമാന സർവീസ് റദ്ദാക്കുകയായിരുന്നു. ഇപ്പോൾ ആശങ്കയിലാണ് ഞങ്ങൾ'- യുക്രെയ്നിലെ ഒഡേസയിൽ മെഡിക്കൽ വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശി അപർണ വേണുഗോപാലിന്റേതാണ് വാക്കുകൾ.

വ്യാഴാഴ്ച ഉച്ചക്ക് മൂന്നിനായിരുന്നു അപർണയുടെയും സുഹൃത്തുക്കളുടെയും വിമാനം. പക്ഷേ, വിമാനം റദ്ദാക്കുകയായിരുന്നു. അടിയന്തര സാഹചര്യത്തിന്റെ പ്രാധാന്യം അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അനുകൂല മറുപടി പ്രതീക്ഷിച്ചിരിക്കുകയാണെന്നും ഒഡേസയിൽ നിന്ന് 'മാധ്യമം ഓൺലൈനി'ന് നൽകിയ വിഡിയോ സന്ദേശത്തിൽ അപർണ പറഞ്ഞു. ഒഡേസ നാഷണൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് അപർണ. 

'ഇപ്പോൾ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ, എ.ടി.എമ്മുകൾ പൂട്ടിയതിനാൽ പണം എടുക്കാൻ പറ്റുന്നില്ല. സാധനങ്ങളുടെ ലഭ്യതക്കുറവും ഉണ്ട്' -അപർണ പറഞ്ഞു. ബുധനാഴ്ച രാത്രി വ​രെ ഒഡേസയിൽ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. രാത്രി പൊലീസ് റോന്ത് ചുറ്റുകയും ആളുകളുടെ പാസ്‍പോർട്ടും മറ്റ് രേഖകളും പരിശോധിക്കുകയും ചെയ്തിരുന്നു. പുലർച്ചെ അഞ്ച് മണിയായപ്പോൾ പുറത്ത് ചില ശബ്ദങ്ങളൊക്കെ കേട്ടു. യുദ്ധമായിരിക്കുമെന്ന് കരുതിയ​തേയില്ല. പിന്നെ സുഹൃത്തുക്കളൊക്കെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായും പോർട്ടിന്റെ അവിടെ സ്ഫോടനം ഉണ്ടായെന്നുമൊക്കെ അറിയിച്ച് സന്ദേശം അയച്ചു.

അനാവശ്യമായി പുറത്തിറങ്ങരുത് എന്ന നിർദേശം പൊലീസും സൈന്യവും നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് ഇനി ഭക്ഷണവും മറ്റും വാങ്ങാൻ പുറത്തുപോകണം. ഇതുവരെ കുഴപ്പമൊന്നുമില്ല. വൈദ്യുതി ബന്ധവും മറ്റും തകരാറിലായിട്ടില്ല. വെള്ളം ആവശ്യത്തിന് പിടിച്ചുവെച്ചിട്ടുണ്ട്'-അപർണ പറഞ്ഞു. യുക്രെയ്നിന്റെ കിഴക്കൻ പ്രദേശത്തുള്ള ഒഡേസയിൽ 500ഓളം മലയാളി വിദ്യാർഥികൾ ഉണ്ടെന്നും അവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും അപർണ പറഞ്ഞു. ഒഡേസയിലെ നൂറോളം മലയാളി മെഡിക്കൽ വിദ്യാർഥികളുടെ വിവരങ്ങൾ എക്സൽ ഡോക്യുമെന്റ് ആക്കിയിട്ടുണ്ട്.

ബാക്കിയുള്ള വിദ്യാർഥികളുടെ വിവരങ്ങൾ കൂടി ശേഖരിച്ചുവരികയാണ്. ലഭ്യമായ വിദ്യാർഥികളുടെ വിവരങ്ങൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക ഓഫിസ് എന്നിവർക്ക് അയച്ചിട്ടുണ്ട്. അനുകൂല മറുപടി പ്രതീക്ഷിച്ചിരിക്കുകയാണ് തങ്ങളെന്നും അപർണ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Students in Odessa are safe says Aparna Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.