ആലപ്പുഴ: പ്ലസ് ടുവിന് ശേഷം വിദ്യാർഥികൾ വ്യാപകമായി വിദേശത്തേക്ക് പോകുന്ന പ്രവണതക്ക് ഇപ്പോൾ ആക്കം കൂട്ടിയിട്ടുണ്ടന്നും ഇത് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചല്ല, മറിച്ച് പഠനത്തിന് ശേഷം തൊഴിലും സാമ്പത്തിക ഉന്നമനവും കരസ്ഥമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണെന്നും ഐക്യ രാഷ്ട്ര സഭയുടെ ജി20 കോർഡിനേഷൻ ഓഫിസ് ഡയറക്ടറായ ഡോ. മുരളി തുമ്മാരുകുടി.
കേരളം നേടിയെടുത്ത പുരോഗമന സ്വഭാവം നഷ്ടപ്പെടുകയും യാഥാസ്ഥിതിക സദാചാര സമൂഹമായി കേരളം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവാക്കള്‍ കേരളം വിടുന്നതിന് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റത്തിന് മാറ്റം വരണമെങ്കിൽ വിദ്യാഭ്യാസാനന്തരം പ്രത്യേക വിജ്ഞാന നൈപുണ്യം ആവശ്യമായ തൊഴിൽ മേഖലകൾ സൃഷ്ടിക്കാന്‍ സംസ്ഥാനത്തിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എ.കെ.പി.സി.ടി.എ 64ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയും ആലപ്പുഴ ജില്ല കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച 'നവകേരളവും ഉന്നത വിദ്യാഭ്യാസവും' എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ സംസ്ഥാന സെക്രട്ടറി എ. നിഷാന്ത് മോഡറേറ്ററായി. ജില്ല സെക്രട്ടറി പ്രഫ. എസ്. സുരേഷ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വി. നിഷ, മേഖല സെക്രട്ടറി ഡോ. ടി.ആർ. മനോജ്, ആലപ്പുഴ ജില്ല പ്രസിഡന്റ് ഡോ. എസ്.ആർ. രാജീവ്, ഡോ. അരുണ്‍ എസ്. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.