തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷക്ക് മാറ്റമില്ലെന്ന് വ്യക്തമായതോടെ മറ്റ് സംസ്ഥാനങ്ങളിലും ജില്ലകളിലും കുടുങ്ങിയ കുട്ടികളെ പരീക്ഷക്ക് എത്തിക്കൽ സർക്കാറിന് വെല്ലുവിളി. സംസ്ഥാനത്തിനകത്ത് വിവിധ ജില്ലകളിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് സമീപ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ ക്രമീകരണത്തിന് ശ്രമം നടത്തുന്നുണ്ട്. എന്നാൽ, കേരളത്തിന് പുറത്തുള്ള കുട്ടികളുടെ കാര്യത്തിൽ വ്യക്തതയായിട്ടില്ല.
സംസ്ഥാന അതിർത്തി പങ്കിടുന്ന ജില്ലകളിലെ ആയിരത്തിലേറെ വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലുണ്ട്. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വന്ന് കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നവരാണ് ഇവർ. ലോക്ഡൗണിൽ അതിർത്തി കടന്ന് പരീക്ഷ എഴുത്ത് ബുദ്ധിമുട്ടാകും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ഉൾപ്പെടെ ജില്ലകളിൽ ഇത്തരം വിദ്യാർഥികളുണ്ട്. നല്ലൊരു ശതമാനവും ഭാഷ ന്യൂനപക്ഷ വിഭാഗവുമാണ്. സർക്കാർ ഗതാഗത സൗകര്യം ഒരുക്കുകയും അതിർത്തി ചെക്പോസ്റ്റുകളിൽ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ ഇവർക്ക് എഴുതാൻ കഴിയില്ല.
ഒാർഫനേജ് സ്കൂളുകളിൽ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാർഥികളും സ്കൂളുകൾ അടച്ചതോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. കശ്മീർ, മണിപ്പൂർ,ബിഹാർ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ കേരളത്തിൽ വിദ്യാർഥികളാണ്. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാതെ ഇവർക്ക് എത്താൻ സാധിക്കില്ല. പരീക്ഷ തീയതി പ്രഖ്യാപിച്ചതോടെ തിരികെയെത്താനുള്ള വഴിതേടുകയാണ് ഇവർ. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കളുടെ അടുത്തേക്കുപോയ വിദ്യാർഥികളും ബുദ്ധിമുട്ടും.
പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പ്രത്യേക പരീക്ഷ നടത്തിയില്ലെങ്കിൽ ‘സേ’ പരീക്ഷ വരെ കാത്തിരിക്കേണ്ടിവരും. ഇത് ഉപരിപഠന സാധ്യതകളെ ബാധിക്കും. െറസിഡൻഷ്യൽ സ്കൂളുകൾ, പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകൾ, സ്പോർട്സ് ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചുപഠിക്കുന്ന വിദ്യാർഥികൾക്കും മറ്റ് ജില്ലകളിൽ കുടുങ്ങിയ വിദ്യാർഥികൾക്കും പരിസരത്തെ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.