തിരുവനന്തപുരം: പി.എസ്.സി അംഗത്വ നിയമനത്തിന് കോഴിക്കോട്ടെ സി.പി.എം നേതാവ് കൈക്കൂലി വാങ്ങിയെന്ന പരാതി പ്രതിപക്ഷം സബ്മിഷനായി നിയമസഭയിൽ ഉന്നയിച്ചു. പി.എസ്.സി അംഗത്വം ലേലത്തിൽ വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പണം നൽകി ആ പോസ്റ്റിൽ വന്ന് ഇരുന്നാൽ പിന്നെ പി.എസ്.സിക്ക് എന്ത് വിശ്വാസ്യതയാണ്? ലക്ഷക്കണക്കിന് ചെറുപ്പക്കാർ പി.എസ്.സിയെ കാണുന്ന കാലത്ത്, ആ പി.എസ്.സിയിലെ അംഗങ്ങളാകുന്നവരെ ലേലത്തിൽവെച്ച് കാശ് വാങ്ങുകയാണ്. അപമാനകരമായ കാര്യമാണിത്. സി.പി.എമ്മിലെ ആഭ്യന്തര കാര്യമല്ല ഇത്. പാർട്ടി പൊലീസ് സ്റ്റേഷനും പാർട്ടി കോടതിയും പോരാ ഇതിന്. മന്ത്രിയുടെ പേര് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചു എന്ന് പരാതി ലഭിച്ചിട്ട് എന്തുകൊണ്ട് പരാതി പൊലീസിന് കൈമാറിയില്ല? ഇത് ക്രിമിനൽ കുറ്റമല്ലേ? ഗൗരവതരമായ കാര്യമല്ലേ? ഇതിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അടിയന്തരമായി അന്വേഷണം നടത്തണം -പ്രതിപക്ഷ നേതാവ് പറഞ്ഞു.
sub mission onപി.എസ്.സിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലെ ആരോപണങ്ങൾ ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന മാധ്യമ വാർത്തകൾ അല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടായതായി ഇതേവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. പി.എസ്.സി അംഗങ്ങളുടെ എണ്ണത്തിൽ വർധന വരുത്തിയതെല്ലാം യു.ഡി.എഫ് ഭരണകാലത്താണ്. ഇതേവരെ എൽ.ഡി.എഫ് സർക്കാർ നിലവിലുള്ള പി.എസ്.സി അംഗത്വത്തിൽ വർധന വരുത്തിയിട്ടില്ല. 2004ൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ അന്തരിച്ച കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, വക്കം പുരുഷോത്തമൻ എന്നിവരുടെയെല്ലാം പേരുകൾ ഉയർന്നുവന്നിരുന്നു. ഇപ്പോൾ ഉയർന്ന പരാതിയുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള ഗൗരവമായ അന്വേഷണവും നടത്താൻ സർക്കാർ സന്നദ്ധമാകും. ഒരു തരത്തിലെ വഴിവിട്ട നടപടികളും അംഗീകരിച്ചുകൊടുക്കില്ല -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.