സബ് രജിസ്ട്രാർ ഓഫിസുകളില്‍ കസേര ഒഴിഞ്ഞുകിടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ നാല്‍പതിലേറെ സബ് രജിസ്ട്രാര്‍മാരുടെയും മൂന്ന് ജില്ല രജിസ്ട്രാര്‍മാരുടെയും കസേര ഒഴിഞ്ഞുകിടക്കുന്നു. സ്പാര്‍ക്ക് വഴിയുള്ള രജിസ്ട്രേഷന്‍ വകുപ്പിന്‍റെ ആദ്യ പൊതു സ്ഥലംമാറ്റവും പാതിവഴിയില്‍. സമയബന്ധിതമായി സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടപ്പാക്കാത്തതിനാലാണ് ഈ അവസ്ഥ. ഭരണക്ഷി യൂനിയനും രജിസ്ട്രേഷന്‍ മേധാവിയും തമ്മിലുള്ള ശീതസമരമാണ് പൊതുസ്ഥലംമാറ്റം വൈകാനുള്ള കാരണമെന്നാണ് ആക്ഷേപം.

പ്രധാനപ്പെട്ട സബ് രജിസ്ട്രാർ ഓഫിസുകളില്‍ നിയമനങ്ങള്‍ക്കുവേണ്ടി മന്ത്രി ഓഫിസിലെ ചിലരും വകുപ്പ് ആസ്ഥാനത്തെ എസ്റ്റാബിഷ്മെന്‍റ് വിഭാഗം കൈകാര്യം ചെയ്യുന്നവരും തമ്മിലുള്ള പിടിവലിയുണ്ടെന്നും ആക്ഷേപമുണ്ട്. സ്കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും രജിസ്ട്രേഷന്‍ വകുപ്പില്‍ പൊതു സ്ഥലംമാറ്റം നടത്താത്തത് ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തെ കാര്യമായി ബാധിക്കുമെന്ന് പരാതി ഉയര്‍ന്നിട്ടും നടപടിയില്ല.

നഗരങ്ങളില്‍ ജോലിനോക്കുന്ന സബ് രജിസ്ട്രാർമാര്‍ക്ക് ഗ്രാമങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ താല്‍പര്യം ഇല്ല. നഗരങ്ങളിലെ പ്രധാന സ്റ്റേഷനുകളിൽ ജോലിചെയ്യുന്നവര്‍ ചട്ടങ്ങള്‍ ലംഘിച്ച് അവിടെത്തന്നെ തുടരുന്നു. നിരവധി കേസുകളിൽ പ്രതികളാക്കപ്പെട്ട ഉദ്യോഗസ്ഥര്‍പോലും മെച്ചപ്പെട്ട ഓഫിസിനായി പലവിധ ചരടുവലി നടത്തുന്നു.

തലസ്ഥാന ജില്ലയില്‍ തിരുവനന്തപുരം, ശാസ്തമംഗലം, കഴക്കൂട്ടം, പട്ടം, ചാല, നേമം എന്നീ സബ് രജിസ്ട്രാർ ഓഫിസുകള്‍ക്കായി 20ഓളം സബ് രജിസ്ട്രാര്‍മാരാണ് ശ്രമം നടത്തുന്നത്. രാവിലെ മുതല്‍ രാത്രിവരെ നീളുന്ന രജിസ്ട്രേഷന്‍ നടക്കുന്ന ഈ ഓഫിസുകളിലെ കസേരകള്‍ക്കാണ് ഏറെ പ്രിയം. ഇതിനിടെ, വിരമിച്ച സബ് രജിസ്ട്രാര്‍ക്ക് ജില്ല രജിസ്ട്രാറായി പ്രമോഷന്‍ നല്‍കാനും കോടതി ഉത്തരവ് പുറത്തുവന്നു. സമയബന്ധിതമായി സ്ഥാനക്കയറ്റം നല്‍കിയില്ല എന്ന കേസിലാണ് കോടതിയുടെ ഉത്തരവ്.

Tags:    
News Summary - Sub-Registrar offices appointment is not taking place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.