തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തിന്റെ കണ്ണീരുണങ്ങുംമുമ്പേ നേതൃത്വത്തെ ചൊല്ലി സി.പി.ഐയിൽ ഭിന്നത. സംസ്ഥാന സെക്രട്ടറി സ്ഥാനം ബിനോയ് വിശ്വത്തെ ഏൽപ്പിച്ചതിനെതിരെ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിൽ രംഗത്തെത്തി. തീരുമാനം ധിറുതി പിടിച്ചുള്ളതും പാർട്ടിയുടെ കീഴ്വഴക്കം തെറ്റിക്കുന്നതുമാണെന്നാണ് ഇസ്മയിലിന്റെ വിമർശനം. സെക്രട്ടറിയെ അടിയന്തരമായി നിയമിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. പാർട്ടിയുടെ കീഴ്വഴക്കം ലംഘിച്ചതായ സംശയം പാർട്ടിക്കാർക്കും വ്യക്തിപരമായി തനിക്കുമുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടിയിൽ പിന്തുടർച്ചാവകാശമില്ല. ബിനോയ് വിശ്വത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാനത്തിന്റെ കത്ത് തങ്ങൾ കണ്ടിട്ടില്ലെന്നും ഇസ്മയിൽ പറഞ്ഞു.
നേരത്തേ പാർട്ടിയിൽ പ്രബലരായിരുന്ന ഇസ്മയിൽപക്ഷം കാനം രാജേന്ദ്രൻ നേതൃത്വം ഏറ്റെടുക്കുകയും പിടിമുറുക്കുകയും ചെയ്തതോടെയാണ് ദുർബലരായത്. കാനത്തിന്റെ പിൻഗാമിയായി കാനം പക്ഷത്തിന്റെ താൽപര്യപ്രകാരമാണ് ബിനോയ് വിശ്വം വന്നത്. ബിനോയ് വിശ്വത്തെ തടയിടാനുള്ള കരുത്ത് നിലവിൽ ഇസ്മയിൽപക്ഷത്തിന് പാർട്ടിയിലില്ല.
എന്നാൽ, പിന്തുടര്ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന ഇസ്മയിലിന്റെ വിമർശനത്തിന് മറുപടി പറയാൻ സി.പി.ഐ നേതൃത്വം വിയർക്കും.
കെ.ഇ. ഇസ്മയില്‍ അങ്ങനെ പറഞ്ഞു കാണുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. അത്രയും അനുഭവസമ്പത്തുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി സംഘടന കാര്യങ്ങള്‍ എവിടെ പറയണമെന്നറിയാമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇസ്മയിലിന്റെ പരസ്യപ്രതികരണത്തോടുള്ള നീരസം പ്രകടമാക്കുകയും ചെയ്തു.
കാനത്തിന്റെ കരുത്തിൽ അടങ്ങിയ പാർട്ടിയിലെ പോര് വീണ്ടും തലപൊക്കുന്നതിന്റെ സൂചനയായാണ് പുതിയ സംഭവവികാസം വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.