പിണറായി ലോകായുക്തയുടെ ശവമടക്ക് നടത്തിയെന്നു കെ. സുധാകരന്‍

തിരുവനന്തപുരം : അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ ഏക സ്വതന്ത്രസ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. ഇതിന് മുഖ്യകാര്‍മികത്വം വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കടിക്കാന്‍പോയിട്ട് കുരക്കാന്‍പോലും ത്രാണിയില്ലാതെ ലോകായുക്തക്കും തുല്യപങ്കാണുള്ളത്.

ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ട് എന്ന നേരത്തെ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അവിഹിതമായ നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുന്നു. ജനം കഴുത്തിനു പിടിച്ചു പുറത്താക്കുന്നതിനു മുമ്പ് മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതിന്റെ തെളിവാണ് വിധിയിലുള്ളത്. ഹര്‍ജി ലോകായുക്തയുടെ പരിഗണനയില്‍ വരുമോ എന്നതും ഹര്‍ജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചും രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസം ഉള്ളതിനാല്‍ ഫുള്‍ബെഞ്ചിനു വിടാനാണ് വിധി. എന്നാല്‍ ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019ല്‍ ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് കെപി ബാലചന്ദ്രന്‍, ജസ്റ്റിസ് എ.കെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തിയശേഷമാണ് കേസുമായി മുന്നോട്ടുപോയത്. അന്നത്തെ ലോകായുക്തയുടെ തീരുമാനത്തെ പിണറായി വിജയനെ രക്ഷിക്കാന്‍ ഇപ്പോഴത്തെ ലോകായുക്ത ചോദ്യം ചെയ്തത് അവരോട് ചെയ്ത നെറികേടാണ്.

ഒരു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് 2022ല്‍ പൂര്‍ത്തിയായ ഹീയറിങിന്റെ വിധി ഒരു വര്‍ഷം കഴിഞ്ഞും നീട്ടിക്കൊണ്ടുപോയതെന്ന് പറഞ്ഞ് മലയാളികളെ മണ്ടന്മാരാക്കരുത്. ഹൈക്കോടതി മൂന്നാം തീയതി കേസ് പരിഗണിക്കുന്നു എന്നതിനാല്‍ മാത്രമാണ് ഇങ്ങനെയെങ്കിലും ഒരു വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ അതിശക്തമായ നിയമപോരാട്ടം തുടരുക തന്നെ ചെയ്യും. മുന്‍ ലോകയുക്തയുടെ ഫുള്‍ ബെഞ്ചും ഇപ്പോള്‍ രണ്ടിലൊരു ലോകായുക്തയും സര്‍ക്കാരിനെതിരേ നിലപാട് എടുത്തിട്ടുണ്ട് എന്നത് ഈ കേസിന് ഏറ്റവും ശക്തമായ ആയുധമായിരിക്കും.

35 വര്‍ഷമായി ലാവ്‌ലിന്‍ കേസ് നീട്ടിക്കൊണ്ടുപോകാന്‍ അസാമാന്യ വൈഭവം കാണിച്ച പിണറായി വിജയന്‍ അഞ്ച വര്‍ഷമായി ദുരിതാശ്വാസ കേസും നീട്ടിക്കൊണ്ടു പോകുകയാണ്. കേരളത്തിലെ ജനങ്ങള്‍ നീതിക്കായി മുട്ടിവിളിക്കുന്ന ഏക ജാലകമാണ് പിണറായിക്കുവേണ്ടി കൊട്ടിയടച്ചതെന്ന് ലോകായുക്ത മറക്കരുത്. വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും

കര്‍ണാടകത്തിലെ ലോകായുക്തയപ്പോലെ കടിച്ചില്ലെങ്കിലും കുരച്ചിരുന്നെങ്കില്‍ എന്ന് ജനങ്ങള്‍ ആശിച്ചുപോകുന്നു. ജനങ്ങളുടെ പണമാണിതെന്ന് ആരും മറക്കരുതെന്ന് സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Sudhakaran said that Pinarayi performed the funeral of Lokayukta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.