കെ. സുധാകരൻ എം.പി

സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവന; കേന്ദ്ര നേതൃത്വത്തിന്റെ ദൗത്യത്തിൽ പ്രതിസന്ധി അയയുന്നു

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവനക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിലും യു.ഡി.എഫിലും ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് തൽക്കാലത്തേക്കെങ്കിലും അയവുണ്ടാക്കിയത് കോൺഗ്രസ് ഹൈകമാൻഡിന്‍റെ ഇടപെടൽ.

സുധാകരനിൽ നിന്ന് വിശദീകരണം തേടിയും ഇടഞ്ഞുനിൽക്കുന്ന ലീഗ് നേതൃത്വവുമായി അനുനയചർച്ച നടത്തിയും ആയിരുന്നു കേന്ദ്രനേതൃത്വത്തിന്‍റെ രക്ഷാദൗത്യം. അതിനിടെ, സുധാകരൻ കെ.പി.സി.സി അധ്യക്ഷസ്ഥാനം രാജിവെെച്ചന്ന പ്രചാരണം ഫലത്തിൽ അദ്ദേഹത്തിന് ഗുണകരവുമായി. സുധാകരന്‍റെ പ്രസ്താവന പാർട്ടിക്കും യു.ഡി.എഫിനും വലിയ പരിക്കുണ്ടാക്കിയെന്ന് വിലയിരുത്തുമ്പോഴും അതുമായി ബന്ധപ്പെട്ട ചര്‍ച്ച എത്രയും വേഗം അവസാനിപ്പിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.

വിവാദം തുടർന്നാൽ പാർട്ടിയിലെ ചേരിപ്പോര് വീണ്ടും ശക്തിയാർജിക്കുമെന്നും അവർ വിലയിരുത്തി. യു.ഡി.എഫിന്‍റെ കെട്ടുറപ്പിനെ അത് ബാധിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിലാണ് സുധാകരൻ ഖേദം അറിയിെച്ചന്നും അദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടിയെന്നും കേന്ദ്രനേതൃത്വം പരസ്യമാക്കിയത്. പാർട്ടിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനൊപ്പം മുന്നണിയിൽ ലീഗിന്‍റെ അതൃപ്തിക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യുകയെന്ന ഇരട്ടദൗത്യമാണ് നേതൃത്വം ഏറ്റെടുത്തത്. സുധാകരന്‍റെ പ്രസ്താവന ഗൗരവമുള്ളതാണെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നടത്തിയ പ്രഖ്യാപനം കരുതലോടെയുള്ള നീക്കമായിരുന്നു.

ലീഗിന്‍റെ അതൃപ്തി കോൺഗ്രസ് പരിഗണിക്കുന്നുവെന്ന് വരുത്താൻ അതിലൂടെ സാധിച്ചു. ഒപ്പം എ.ഐ.സി.സി ജന. സെക്രട്ടറി താരിഖ് അൻവർ ലീഗ്നേതാക്കളുമായി സംസാരിക്കുകയും ചെയ്തു. മുസ്ലിംലീഗ്, സമവായപാത സ്വീകരിച്ചതും കോൺഗ്രസിന് ആശ്വാസമായി. ആർ.എസ്.എസിനെ പ്രകീർത്തിക്കുന്ന പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് പാണക്കാട് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും ബന്ധപ്പെട്ട് സുധാകരൻ നൽകിയ ഉറപ്പ് അംഗീകരിച്ചായിരുന്നു ലീഗിന്‍റെ മനംമാറ്റം.

Tags:    
News Summary - Sudhakaran's pro-RSS statement; central leadership intervened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.