ജപ്തിക്കിടെ ആത്മഹത്യ: ഷീബ ദിലീപിന് ബാങ്കുമായി വായ്പ ഇടപാടില്ലെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

നെടുങ്കണ്ടം: ജപ്തി നടപടികള്‍ക്കിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത ഷീബ ദിലീപിന് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി വായ്പ ഇടപാട് ഇല്ലെന്ന് ബാങ്ക് അധികൃതര്‍. ബാങ്കിന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വായ്പ നിലനില്‍ക്കെ ഈട് വസ്തു വിൽപന നടത്തിയതെന്നും ഇവർ പറഞ്ഞു.

നെടുങ്കണ്ടം സ്വദേശി ജോസഫ് ആന്‍റണിയും മകന്‍ സാനിയോ ജോസഫും എടുത്ത വായ്പ മുടങ്ങിയതിനെത്തുടര്‍ന്നുള്ള ജപ്തി നടപടികള്‍ക്കിടയിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്. 2015 സെപ്റ്റംബര്‍ 30ന് 5.25 ആർ സ്ഥലവും വീടും പണയംവെച്ച് 25 ലക്ഷം രൂപ നെടുങ്കണ്ടം ശാഖയില്‍നിന്നാണ് ജോസഫ് ആന്‍റണിയും മകനും വായ്പയെടുത്തത്. എന്നാല്‍, തിരിച്ചടവില്‍ വീഴ്ചവരുത്തിയതിനാല്‍ 2018 മാര്‍ച്ച് 31ന് നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ) ആയി തരംതിരിക്കുകയും കുടിശ്ശിക വീണ്ടെടുക്കാൻ ബാങ്ക് നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. വായ്പ നിലനില്‍ക്കെ ഈട് വസ്തു 2016ല്‍ നവജ്യോതി എന്ന സ്ത്രീക്ക് വിറ്റു. ഇവര്‍ 2017ല്‍ ഷീബ ദിലീപിന് മറിച്ചു വില്‍ക്കുകയുമായിരുന്നു. ബാങ്കിന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് രണ്ട് വിൽപനകളും നടന്നത്.

ഈടുവെച്ച വസ്തുവും പുരയിടവും റിക്കവറി ചെയ്യാന്‍ ബാങ്ക് സര്‍ഫാസി നിയമത്തിലെ സെക്ഷന്‍ 14 പ്രകാരം തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതുപ്രകാരം തൊടുപുഴ സി.ജെ.എം കോടതി വസ്തുവും പുരയിടവും റിക്കവറി ചെയ്യുന്നതിനും ബാങ്കിന് കൈമാറാൻ അഡ്വക്കേറ്റ് കമീഷണറെ നിയമിച്ച് ഉത്തരവിട്ടു.  

Tags:    
News Summary - Suicide during foreclosure: South Indian Bank says Sheeba Dileep has no loan deal with the bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.