തിരുവനന്തപുരം: ഫോണ്‍ കെണിയിൽപെട്ട് കൗമാരക്കാരായ ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ആവർത്തിക്കാതിരിക്കാൻ ഊരുകളിൽ പ്രത്യേക പദ്ധതി നടപ്പാക്കാൻ ജില്ല പഞ്ചായത്ത് നടപടികൾ തുടങ്ങി. കൗമാരക്കാരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ ഊരുകളിൽ പദ്ധതി നടപ്പാക്കുമെന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ വീടുകള്‍ സന്ദർശിച്ച ശേഷം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുമാർ പറഞ്ഞു.
ഊരുകളിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ വർധിക്കുന്നുവെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് ജില്ല പഞ്ചായത്തിന്റെയും ഇടപെടൽ. പൊലീസും വിവിധ വകുപ്പുകളുമായി ചേർന്ന് ഇവിടെ പല പദ്ധതികൾ നടപ്പാക്കാനുള്ള നീക്കം തുടരുകയാണ്.
ജില്ലയിലെ പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിൽപ്പെട്ട ആദിവാസി ഊരുകളിലെ അഞ്ച് പെൺകുട്ടികൾ നാല് മാസത്തിനിടെ ആത്മഹത്യ ചെയ്ത സംഭവം പുറംലോകം അറിഞ്ഞതിനെ തുടർന്നാണ് ഇടപെടൽ.
കഞ്ചാവ് സംഘങ്ങൾ പെൺകുട്ടികളെ വലയിലാക്കി ഒടുവിൽ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന ആക്ഷേപവുമായി കുട്ടികളുടെ രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. കുട്ടികളെ ഫോണ്‍ വഴി പരിചയപ്പെട്ടെന്നും ഒടുവിൽ പ്രണയം തകർന്നതോടെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തെന്നുമാണ് കണ്ടെത്തിയത്. ഈ അഞ്ച് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളിലെ അന്വേഷണങ്ങളും എങ്ങും എത്താത്ത സാഹചര്യവുമുണ്ട്.
വിഷയം വിവാദമായതോടെ പൊലീസ്, എക്സൈസ് വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു. റൂറൽ എസ്.പി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും ചില പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടികളെ കുരുക്കിൽപ്പെടുത്തുന്നതിന് പിന്നിൽ കഞ്ചാവ് സംഘങ്ങളാണെന്ന ആരോപണത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വഴിയും ഊരുക്കൂട്ടങ്ങള്‍ വഴിയും കൗണ്‍സലിങ് നടത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കുട്ടികളുടെ വീട് സന്ദർശിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പെണ്‍കുട്ടികളുടെ വീടുകള്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തിൽ സന്ദർശിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ജില്ല പഞ്ചായത്ത് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാറിനും ജില്ല പഞ്ചായത്ത് റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.