തിരുവനന്തപുരം: സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ എസ്.പി സുജിത് ദാസിന് പുതിയ നിയമനം. എസ്. ദേവമനോഹറിന് പകരം ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ എസ്.പിയായാണ് അദ്ദേഹത്തെ നിയമിച്ചത്.
എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും ഫോണിലൂടെ വിമർശിച്ചതിന് സസ്പെൻഷനിലായ അദ്ദേഹത്തെ അന്വേഷണം തീരുംമുമ്പാണ് തിരിച്ചെടുത്തത്. സസ്പെൻഷൻ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശിപാർശ നൽകിയത്.
മലപ്പുറം എസ്.പി േക്വാർട്ടേർസിലെ മരംമുറി പരാതി പിൻവലിക്കാനാവശ്യപ്പെട്ട് പി.വി. അൻവറുമായി ഫോണിൽ വിളിച്ച് സംസാരിച്ചപ്പോഴാണ് എ.ഡി.ജി.പി അജിത് കുമാറിനും പി. ശശിക്കുമെതിരെ ഇദ്ദേഹം വിമർശനം ഉന്നയിച്ചത്. പിന്നാലെ അൻവർ ഫോൺ സംഭാഷണം പുറത്തുവിട്ടു. തുടർന്നായിരുന്നു സസ്പെൻഷൻ. ഐ.ജി ശ്യാം സുന്ദർ വകുപ്പതല അന്വേഷണം നടത്തി. കേസിലെ സാക്ഷി പി.വി. അൻവർ ഇതേവരെ മൊഴി നൽകാൻ എത്തിയില്ല. ഈ സാഹചര്യത്തിൽ സസ്പെൻഷൻ കാലാവധി ആറു മാസം കഴിഞ്ഞതിനാൽ നീട്ടേണ്ടതില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷയായ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം.
ഇതോടൊപ്പം, ജെ. കിശോർകപൊറിന് പകരം തിരുവനന്തപുരം ക്രൈം എസ്.പി മെറിൻ ജോസഫിനെ പൊലീസ് പോളിസി എ.ഐ.ജിയായി നിയമിച്ചു. കിശോർകുമാറിന്‍റെ ലീഗൽ മെട്രോളജി കൺട്രോളറായും ദേവ മനോഹറിനെ എൻഫോഴ്സ്മെന്റ് അഡീഷനൽ എക്സൈസ് കമീഷണറായും എക്സ്കേഡർ തസ്തികയിൽ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.