തിരുവനന്തപുരം: വേനൽക്കാലത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെ ജല വൈദ്യുതോൽപാദന രംഗത്ത് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്കുള്ള സാധ്യത പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എനർജി മാനേജ്മെന്റ് സെന്‍റർ തയാറാക്കി സമർപ്പിച്ച കരട് നയം ഊർജ വകുപ്പ് പരിശോധിച്ചുവരുകയാണ്. കെ.എസ്.ഇ.ബിയുമായടക്കം കൂടിയാലോചനകൾ നടത്തിയാവും അന്തിമതീരുമാനം കൈക്കൊള്ളുക.
നിലവിൽ കെ.എസ്.ഇ.ബിയുടെ രണ്ട് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വൈദ്യുതി ഉൽപാദിപ്പിച്ചശേഷം വെള്ളം ഉയർന്ന റിസർവോയറിലേക്ക് ശേഖരിച്ച് പീക്ക് സമയങ്ങളിൽ ടർബൈനുകൾ പ്രവർത്തിപ്പിക്കാൻ വീണ്ടും ഉപയോഗിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് സംവിധാനത്തിന് ജലസമൃദ്ധമായ കേരളത്തിലെ വിവിധ മേഖലകളിൽ വലിയ സാധ്യതകളാണുള്ളത്. ഊർജ വകുപ്പ് പരിഗണനയിലുള്ള കരട് നയത്തിൽ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
സംസ്ഥാനത്ത് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് അനുയോജ്യമാണെന്ന് കെ.എസ്.ഇ.ബി കണ്ടെത്തിയിട്ടുള്ളത് 13 സ്ഥലങ്ങളാണ്. എനർജി മാനേജ്മെന്റ് സെന്‍റർ സമർപ്പിച്ച കരട് നയത്തിൽ നാലു സ്ഥലങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാധ്യതകൾ വിശദീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ സബ്സിഡി ലഭിക്കാത്തതിനാൽ ചെറുകിട ജലവൈദ്യുത പദ്ധതികളോട് സ്വകാര്യ സംരംഭകർക്ക് താൽപര്യക്കുറവുണ്ട്. എന്നാൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളോട് വൈദ്യുതി മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില കമ്പനികൾ സമീപിച്ചതോടെയാണ് ഈ രംഗത്ത് സ്വീകരിക്കേണ്ട കരട് നയത്തിന് നീക്കം തുടങ്ങിയത്.
സർക്കാർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിക്കുകയും സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ അനുമതി മാത്രം നൽകുകയും ചെയ്യുന്നവിധം സാധ്യമായ നടപടിക്രമങ്ങൾ കരട് നയത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.