തൃശൂർ: ദിനംപ്രതി കൂടുകയാണ് ചൂട്. ഈ മാസം ആദ്യവാരം കഴിയുമ്പോൾതന്നെ ഉഷ്ണം പാരമ്യത്തിലേക്ക് കുതിക്കുകയാണ്. നേരേത്ത നഗര ഉഷ്ണത്തുരുത്തുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഗ്രാമങ്ങളും ചൂടിൽ വേവുകയാണ്. പകലും രാത്രിയും തമ്മിലെ അന്തരവും കുറയുകയാണ്. അടുത്ത ദിവസങ്ങളിൽ ചൂട് അഞ്ചുഡിഗ്രി സെന്റിഗ്രേഡ് വരെ കൂടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ദക്ഷിണേന്ത്യയിൽ കനത്തചൂടുണ്ടാവില്ലെന്ന കേന്ദ്ര കാലാവസ്ഥ പ്രവചനംപോലും അസ്ഥാനത്താക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഉഷ്ണമേഖലേതര പടിഞ്ഞാറൻ കാറ്റുകൾ (എസ്.ടി.ജെ) അന്തരീക്ഷത്തിൽനിന്ന് താഴോട്ടിറങ്ങി മധ്യമേഖലയിൽ സൃഷ്ടിക്കുന്ന വികേന്ദ്രീകൃത വായു സമ്മർദമാണ് (ചക്രവാതച്ചുഴി) പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നത്. ഡാമുകൾ വറ്റുന്ന, പുഴകൾ മെലിയുന്ന ഈ സാഹചര്യത്തിൽ വേനൽ ആദ്യത്തിൽതന്നെ കേരളം വേഴാമ്പലാവുകയാണ്. മാർച്ചിൽ ചുരുങ്ങിയത് ഒരുമഴ കേരളം പ്രതീക്ഷിക്കുന്നുണ്ട്. ചിലപ്പോഴത് രണ്ടാവാം. രണ്ടാം വാരത്തിൽ ആദ്യമഴ ലഭിക്കുന്ന പ്രതീക്ഷ പുലർത്തുന്ന കാലാവസ്ഥ ഗവേഷകരുണ്ട്. അന്തരീക്ഷ ആർദ്രത തീരെ കുറഞ്ഞ ഫെബ്രുവരിയിൽനിന്നും മാർച്ചിൽ ഉണ്ടായ മാറ്റമാണ് മഴ പ്രതീക്ഷ നിലനിർത്തുന്നത്. കാലാവസ്ഥ വ്യതിയാന നാളുകളിൽ ഇത് കൃത്യമായി പ്രവചിക്കാൻ അസാധ്യമാണെന്ന നിഗമനവും ഇക്കൂട്ടർ വെച്ചുപുലർത്തുന്നു. അതേസമയം, മാർച്ചിന് പിന്നാലെ ഏപ്രിലും ചതിച്ചാൽ വാരാനിരിക്കുന്നത് കൊടും വരൾച്ചയാവും. 2015ലും 2016ലും കേരളം അനുഭവിച്ച വരൾച്ച അതികഠിനമായിരുന്നു. ശരാശരി കാലവർഷവും തുലാവർഷവും വേനൽമഴയും ചതിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടുവർഷം സംസ്ഥാനം വല്ലാതെ വറ്റിവരണ്ടിരുന്നു. അതേസാഹചര്യമാണ് നിലവിലുള്ളത്.
2017ലെ ശരാശരി മഴക്കു പിന്നാലെയാണ് 2018, 2019 വർഷങ്ങളിലെ പ്രളയവും 2020ലെ മിന്നൽപ്രളയവുമൊക്കെ റിപ്പോർട്ട് ചെയ്തത്. 2021ൽ ശീതമാസമായ ജനുവരിയിൽ മാത്രം 115 മില്ലിമീറ്റർ അധികമഴ ലഭിച്ചിരുന്നു. 2021ൽ എല്ലാമാസവും കേരളത്തിന് മഴ ലഭിക്കുകയും ചെയ്തിരുന്നു. അതിതീവ്ര സ്വഭാവം പ്രകടിപ്പിക്കുന്ന ആഗോളതാപന നാളുകളിൽ കരുതിയിരിക്കുകയല്ലാതെ നിർവാഹമില്ല. ജല വിനിയോഗത്തിൽ അടക്കം മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സങ്കീർണമാവും കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.