തിരുവനന്തപുരം: ചൂട് കനക്കുന്നതിനിടെ ഭൂജലനിരപ്പിലെ താഴ്ച്ചയും പ്രതിസന്ധിയുയർത്തുന്നു. ഭൂജലനിരപ്പ് വൻതോതിൽ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുൻനിരയിലാണ് കേരളമെന്നാണ് കേന്ദ്ര ഭൂജല ബോർഡിന്റെ റിപ്പോർട്ട്. കിണറുകളിലെ ജലനിരപ്പ് ശരാശരി ഒന്നരമീറ്റർ വരെയാണ് താഴ്ന്നത്.
ജലസംഭരണത്തിനൊപ്പം നിയന്ത്രണങ്ങളും കര്‍ശനമാക്കി ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് നേരത്തേ കേന്ദ്ര ഭൂജല ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇനിയും കാര്യമായ നടപടികളുണ്ടായിട്ടില്ല. വെള്ളത്തിന്റെ ലഭ്യതയും ഉപയോഗവും ഭാവിയിലെ ആവശ്യകതയുമെല്ലാം ഉൾപ്പെടുത്തി സമഗ്രമായ ജലബജറ്റ് തയാറാക്കുമെന്ന് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് പ്രഖ്യാപനമുണ്ടായെങ്കിലും തുടർന്ന് പ്രവർത്തനങ്ങളൊന്നുമുണ്ടായില്ല. എല്ലാ വർഷവും വേനൽക്കാലമാകുമ്പോൾ ജലബജറ്റ് സംബന്ധിച്ച് ചർച്ചകളുയരുമെങ്കിലും മഴക്കാലമാകുന്നതോടെ ഇതെല്ലാം മറക്കും. പതിവുപോലെ ഇക്കുറിയും ഫെബ്രുവരിയോടെ ജലബജറ്റ് ചർച്ചകൾ സജീവമായിട്ടുണ്ട്. വ്യാപകമാകുന്ന കുഴൽകിണറുകളും ഭൂജലം റീചാർജ് ചെയ്യാനുള്ള പ്രകൃതിപരമായ സംവിധാനങ്ങൾ നഷ്ടമാകുന്നതാണ് ഭൂജലത്താഴ്ചക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഭൂഗർഭ ജലം സംഭരിച്ച് നിർത്തുന്ന കുന്നുകൾ നശിക്കുന്നതും നീർത്തടങ്ങൾ ഇല്ലാതാകുന്നതുമടക്കം ഇതിന് ഉദാഹരണമാണ്.
ഗ്രാമീണമേഖലയില്‍ 64.8 ശതമാനം പേര് കിണറുകളെയും 24.5 ശതമാനം പൈപ്പുവെള്ളത്തെയും ആശ്രയിക്കുന്നു. മറ്റ് മാര്‍ഗങ്ങള്‍ 10.8 ശതമാനമാണ്. നഗരമേഖലയില്‍ കിണറുകള്‍ ഉപയോഗിക്കുന്നത് 58.9 ശതമാനമാണ്. പൈപ്പ് വെള്ളം 34.9 ശതമാനവും മറ്റ് മാര്‍ഗങ്ങള്‍ 6.3 ശതമാനവും. 2001ല്‍ കേരളത്തിലെ ആകെ വാര്‍ഷിക ജലാവശ്യകത 26800 ദശലക്ഷം ഘന മീറ്ററായിരുന്നെന്നാണ് കണക്ക്. ഇത് 2031 ഓടെ 44000 ദശലക്ഷം ഘനമീറ്ററായി വര്‍ധിക്കുമെന്നാണ് ദേശീയ സാമ്പത്തിക ഗവേഷണ കൗണ്‍സിൽ പഠനം ചൂണ്ടിക്കാട്ടുന്നത്. 2001നെ അപേക്ഷിച്ച് 2031ഓടെ ജലാവശ്യകത 64 ശതമാനം വര്‍ധിക്കും. ഈ സാഹചര്യത്തിലാണ് ഭൂജലവിതാനത്തിലെ താഴ്ച ഗൗരവമുള്ളതാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.