തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സമാന കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 39 ഡിഗ്രി വരെ ചൂട് ഉയർന്നേക്കാമെന്നും രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നുമാണ് ജാഗ്രതാ നിർദേശം.
സംസ്ഥാനത്തെ പലയിടത്തും ഇന്നലെ കടുത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. ആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നിരുന്നു. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലാണ് (41 ഡിഗ്രി സെൽഷ്യസ്). അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം.
സംസ്ഥാനത്ത് ഇത്തവണ പതിവിലും കൂടുതല്‍ ചൂട് ഉയരില്ലെന്നായിരുന്നു നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ, പ്രവചനം തെറ്റിച്ച് പലയിടങ്ങളിലും ചൂട് നാല് ഡിഗ്രി വരെ വര്‍ധിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന ചൂടാണ് ഇത്തവണ മാര്‍ച്ച് ആദ്യവാരം തന്നെ എത്തിയത്.
37 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടര്‍ന്നാല്‍ സംസ്ഥാനത്തെ സ്ഥിതി ആശങ്കയിലായേക്കും. കൂടുതല്‍ ദിവസം കനത്ത ചൂട് നിലനിന്നാല്‍ ഉഷ്ണതരംഗത്തിന് വരെ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.