തിരുവനന്തപുരം: ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഞായറാഴ്ച വീണ്ടും സമ്പൂർണ ലോക്ഡൗൺ. ട്രിപ്ൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഞായറാഴ്ച പ്രാബല്യത്തിലുണ്ടാവുക.അവശ്യസേവനങ്ങൾക്ക് മാത്രമേ പ്രവർത്തന അനുമതിയുണ്ടാകൂ. യാത്രകൾക്ക് കർശന നിയന്ത്രണമുണ്ടാകും. അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ അറസ്റ്റ് ഉൾെപ്പടെ കർശന നടപടി കൈക്കൊള്ളും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് 15നും ഒാണത്തോടനുബന്ധിച്ച് 22നും ഞായറാഴ്ചകളിൽ ലോക്ഡൗൺ ഒഴിവാക്കിയിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച നിയന്ത്രണം വീണ്ടും കർശനമാക്കാൻ തീരുമാനിച്ചത്. രണ്ടാഴ്ചയിലേറെ നീണ്ട ഇളവുകളിലൂടെ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിനിടെയാണ് ഞായറാഴ്ച വീണ്ടും സമ്പൂർണ ലോക്ഡൗണിലേക്ക് പോകുന്നത്. ഒാണത്തോടനുബന്ധിച്ച് നൽകിയ ഇളവുകൾ രോഗവ്യാപനം വർധിപ്പിച്ചെന്ന വിലയിരുത്തലാണ് കഴിഞ്ഞ ആഴ്ചയിലെ കോവിഡ് അവലോകനയോഗത്തിലുണ്ടായത്. ഹോം ക്വാറൻറീൻ നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയടക്കം കോവിഡ് വ്യാപനം ശക്തിപ്പെടാൻ കാരണമായെന്നാണ് വിലയിരുത്തൽ. രണ്ട് കോടിയിലധികം പേർ ആദ്യഡോസ് വാക്സിൻ സ്വീകരിക്കുകയും 38 ലക്ഷം പേർ കോവിഡ് മുക്തി നേടുകയും ചെയ്തിട്ടും സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നത് സർക്കാറിന് വലിയ തലവേദന സൃഷ്്ടിക്കുന്നുണ്ട്.
പ്രാദേശിക നിയന്ത്രണങ്ങളും കാര്യമായ വിജയം കാണുന്നില്ലെന്നതാണ് അവസ്ഥ. ഇൗ സാഹചര്യത്തിലാണ് ആഴ്ചയിൽ ഒരു ദിവസം കർശനനിയന്ത്രണം തുടരാനുള്ള തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.