കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച ദിവസങ്ങളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണം നാളെ നിലവിൽ വരും. അവശ്യസർവിസുകൾക്ക് മാത്രമാണ് നാളെ അനുമതി. അത്യാവശ്യയാത്രകൾ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യിൽ കരുതണം.
കെ.എസ്.ആർ.ടി.സിയും അത്യാവശ്യ സർവിസുകൾ മാത്രമേ നടത്തൂ. ഹോട്ടലുകളും അവശ്യവിഭാഗത്തിൽപെട്ട സ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. ആരാധനാലയങ്ങളിലേതടക്കം ആൾക്കൂട്ടം അനുവദിക്കില്ല.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുൾപ്പെട്ടതുമായ കേന്ദ്ര–സംസ്ഥാന, അർധസർക്കാർ സ്ഥാപനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങൾ, ടെലികോം–ഇന്റർനെറ്റ് കമ്പനികൾ മാധ്യമ സ്ഥാപനങ്ങൾ, അടിയന്തര സേവനത്തിന് സഞ്ചരിക്കുന്ന വർക്ക്ഷോപ്പ് ജീവനക്കാർ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല.
തുറന്ന് പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കരുതണം. ബാറുകൾ, ബിവറേജസ് ഔട്ട് ലറ്റുകൾ തുടങ്ങിയവ അടഞ്ഞു കിടക്കും. പഴം, പച്ചക്കറി, പലചരക്ക്, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ ഒമ്പത് വരെ തുറക്കാം.
ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സൽ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. പരീക്ഷാർത്ഥികൾക്കും പരീക്ഷാ നടത്തിപ്പുകാർക്കും അഡ്മിറ്റ് കാർഡോ തിരിച്ചറിയൽ കാർഡോ ഹാൾ ടിക്കറ്റോ കൈവശം വച്ച് യാത്ര ചെയ്യാം.
ഡിസ്പെൻസറികൾ, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, മെഡിക്കൽ സാധന സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് സർവിസുകൾ എന്നിവയിലെ ജീവനക്കാർക്കും യാത്ര ചെയ്യാം. സി.എൻ.ജി, എൽ.പി.ജി, എൽ.എൻ.ജി നീക്കവുമായി ബന്ധപ്പെട്ട ഗതാഗതത്തിന് അനുമതിയുണ്ട്. അതിര്‍ത്തികളിലുള്‍പ്പടെ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രാത്രി 12 വരെയാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.