കൊച്ചി: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഫോര്‍ട്ടിഫൈഡ് ആട്ട ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫിസർ പി.എം. ജോസഫ് സജു അറിയിച്ചു. വ്യാജ പ്രചാരണം അടങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരുവര്‍ഷം മുമ്പ് വിഡിയോ ശ്രദ്ധയില്‍പെട്ടപ്പോൾ സപ്ലൈകോ വിശദീകരണം നല്‍കിയിരുന്നെങ്കിലും വീണ്ടും പല സമൂഹമാധ്യമങ്ങളിലും ഇത് പ്രചരിക്കുന്ന സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് കോര്‍പറേഷന്‍ വിജിലൻസ് വിങ് ഫ്ലയിങ് സ്ക്വാഡ് ഓഫിസർ എൻ.പി. രാജേഷ് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
പൊട്ടിച്ച് ഉപയോഗിച്ചശേഷം പാക്കറ്റില്‍ ബാക്കിയായി സൂക്ഷിച്ചിരുന്ന ആട്ട അരിച്ചെടുത്ത് അതില്‍ പുഴുക്കളെ കണ്ടെത്തിയതായാണ് വിഡിയോയിൽ ആരോപിക്കുന്നത്. സപ്ലൈകോ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന വിഭാഗം ഇതേ ബാച്ചില്‍പെട്ട ആട്ട പാക്കറ്റുകള്‍ പരിശോധിക്കുകയും ഗുണനിലവാരത്തില്‍ തെല്ലും കുറവില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
വിഡിയോയില്‍ കാണിക്കുന്ന ആട്ടയുടെ കവറില്‍ 2023 ഏപ്രിലില്‍ തയാറാക്കിയതാണെന്ന് കാണിക്കുന്നുണ്ട്. എന്നാൽ, കവര്‍ പൊട്ടിച്ച് ഉപയോഗിക്കാന്‍ തുടങ്ങിയ തീയതി പറയുന്നില്ല. പൊട്ടിച്ചശേഷം ബാക്കിവന്ന ആട്ട കേടുവരാത്തവിധം സുരക്ഷിതമായാണോ സൂക്ഷിച്ചതെന്നും വിഡിയോ തയാറാക്കിയ തീയതിയും അവ്യക്തമാണ്.
സപ്ലൈകോയുടെ ഏതെങ്കിലും ഉൽപന്നത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് വാങ്ങിയ ഔട്ട്ലറ്റിലോ സമീപത്തെ ഡിപ്പോയിലോ റീജനൽ ഓഫിസുകളിലോ അറിയിച്ചാല്‍ പരിഹാരം കാണാൻ ക്രമീകരണം നിലവിലുണ്ട്. വിഡിയോയില്‍ കാണുന്ന പാക്കറ്റുമായി ബന്ധപ്പെട്ട് സപ്ലൈകോക്ക് ഔദ്യോഗികമായി ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ല. പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സപ്ലൈകോയുടെ ഭക്ഷ്യവസ്തു വിതരണ ശൃംഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിജിലന്‍സ് ഓഫിസര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.