ഓണത്തിന് സപ്ലൈകോ ചന്തകൾ; മഞ്ഞ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള കിറ്റുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ കാർഡ് (മഞ്ഞ കാർഡ്) ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേർക്ക് 36 കോടി രൂപ ചെലവിലാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം ചെയ്യുന്നത്.

സപ്ലൈകോ ഓണ ചന്തകൾ സെപ്റ്റംബർ ആറു മുതൽ ആരംഭിക്കും. ജൈവ പച്ചക്കറിയും ഓണം ഫെയറുകൾ ഒരുക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ മാവേലി സ്റ്റോറിൽ ലഭ്യമാക്കും. വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാറിന്‍റെ ഓണം വാരാഘോഷം ഒഴിവാക്കിയെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സെപ്റ്റംബര്‍ ഏഴു മുതല്‍ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 1500 ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നത്. ഇതില്‍ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കിയുള്ളവ സഹകരണ ബാങ്കുകള്‍ മുഖേനയുമാണ് നടത്തുക. സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ 13 ഇനം സാധനങ്ങള്‍ക്കാണ് സബ്സിഡി നല്‍കുന്നത്. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ത്രിവേണികളില്‍ സാധനങ്ങള്‍ ലഭ്യമാണ്.

കേരളത്തിലെ ഖാദി ഉൽപന്നങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിന് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് നല്‍കിവരുന്നു. ഈ വര്‍ഷം ആഗസ്റ്റ് എട്ട് മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് ഓണം റിബേറ്റ് മേള. കേരളത്തില്‍ ഖാദി മേഖലയില്‍ പണി എടുക്കുന്ന 15000 തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ജോലിയും ആനുകൂല്യങ്ങളും ലഭിക്കാന്‍ റിബേറ്റ് വിൽപ സഹായകമാവും. ഈ ബജറ്റില്‍ റിബേറ്റ് നല്‍കാനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വയനാട് ഉരുൾ ദുരന്തത്തിൽ ഇതുവരെ 179 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളിൽനിന്ന് 65 പേരാണ് മരിച്ചത്. 729 കുടുംബങ്ങളായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നത്. ഇതിൽ 219 കുടുംബങ്ങൾ നിലവിൽ ക്യാമ്പുകളിലുണ്ട്. മറ്റുള്ളവർ വാടക വീടുകളിലേക്കോ, കുടുംബ വീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവർക്ക് സർക്കാർ അനുവദിച്ച വാടക നൽകും. 75 സർക്കാർ ക്വാർട്ടേഴ്സുകൾ അറ്റകുറ്റപണികൾ നടത്തി താമസ യോഗ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Supplyco Markets for Onam; 13-item kits for yellow card holders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.