തൃശൂർ: സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിൽ പ്രാദേശിക സാധനങ്ങൾ വാങ്ങുന്നതിന് കേന്ദ്രീകൃത സംവിധാനം വരുന്നു. ഡിപ്പോകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന പ്രാദേശിക സംരംഭകരെ ‘ലോക്കലി ലിസ്റ്റഡ് കമ്പനീസ്’ (എൽ.എൽ.സി) എന്ന വിഭാഗമായി പരിഗണിച്ച് വില നിശ്ചയം അടക്കം കാര്യങ്ങളിൽ മുഖ്യകാര്യാലയത്തിെൻറ നിരീക്ഷണത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഈ ഉൽപന്നങ്ങളുടെ അടിസ്ഥാനവില മുഖ്യ കാര്യാലയം നിശ്ചയിക്കും. പ്രാദേശിക ഉൽപാദകർ വില രേഖപ്പെടുത്തി നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ മുഖ്യകാര്യാലയം അംഗീകരിച്ച വിലയിൽ മാത്രമെ സാധനങ്ങൾ വാങ്ങാവൂ.
വില ഏകീകരണവും നിയന്ത്രണവും സാധ്യമാവുന്ന പുതിയനീക്കം പ്രാദേശിക ചെറുകിട ഉൽപാദകരെയും സംരഭകരെയും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന് അനുഗുണവുമാണ്. പൊതുജനത്തിനും സപ്ലൈകോക്കും കൂടുതൽ ലാഭകരവുമാവും ഇത്. ഡിപ്പോയിൽ നടക്കുന്ന അനിഷ്ടകരമായ പ്രവർത്തനങ്ങൾക്ക് തടയിടാനാവും. എന്നാൽ പ്രാദേശിക വില വ്യത്യാസ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാനാവുമെന്ന് കണ്ടറിയണം. പ്രാദേശിക വില നിലവാര ആനൂകൂല്യം തടയപ്പെടുമെന്ന ആശങ്കയും പങ്കുവെക്കുന്നുണ്ട്.നേരത്തെ സബ്സിഡി ഇല്ലാത്ത ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി)ഒരോ പ്രദേശത്തിന് അനുസരിച്ച് ഡിപ്പോകൾ കേന്ദ്രീകരിച്ച് പ്രാദേശികമായാണ് വാങ്ങിയിരുന്നത്.
ആഗസ്റ്റ് 14ന് ഇത് നിരോധിച്ചു. ഓണക്കാലത്ത് വിറ്റുവരവിന് തിരിച്ചടിയാവുമെന്നതിനാൽ നിരോധനം പിൻവലിച്ചു. എന്നാൽ, ഓണം കഴിഞ്ഞതോടെ പ്രാദേശിക വിതരണക്കാർക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി പ്രദേശിക ഉൽപാദന വിതരണക്കാരെ പടിക്കുപറത്താക്കി. ഇതോടെ സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിൽ ജനപ്രിയ സാധനങ്ങൾക്ക് ക്ഷാമം നേരിട്ടു. പൊതുവിപണിയിലേക്കാള്‍ 30 ശതമാനം വരെ വിലക്കുറവില്‍ സബ്സിഡി രഹിത നിത്യോപയോഗ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള അവസരമാണ് നഷ്ടമായത്. മാത്രമല്ല ജനം സബ്സിഡി സാധനങ്ങൾ മാത്രം വാങ്ങുന്നതിനായി ഔട്ട്ലെറ്റുകളിലേക്ക് എത്താത്ത സാഹചര്യവുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഈമാസം ഒന്നിന് ഡിപ്പോ മാനേജിങ് കമ്മിറ്റി ചേർന്ന് സാധനങ്ങൾ വാങ്ങുന്നതിന് പ്രാദേശിക വാങ്ങൽ സംവിധാനം ഏർപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.