പ്ലസ് വൺ പരീക്ഷക്ക് തടസമില്ലെന്ന് സുപ്രീംകോടതി; പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിമർശനം

ന്യൂഡൽഹി: കോവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ കേരളത്തിലെ പ്ലസ് വൺ പരീക്ഷ നടത്തുന്നതിൽ തടസമില്ലെന്ന് സുപ്രീംകോടതി. സെപ്റ്റംബറിൽ പരീക്ഷ നടത്തുമെന്നാണ് കേരള സർക്കാർ അറിയിച്ചത്. ഇതിന് തയ്യാറാക്കിയ ഷെഡ്യൂളുകളൊന്നും അംഗീകരിക്കാവുന്നതല്ല. ഇക്കാര്യത്തിൽ വിദഗ്ധരുമായി കൂടിയാലോചിച്ച് വിശദമായ റിപ്പോർട്ട് സമര്‍പ്പിക്കണം കോടതി ആവശ്യപ്പെട്ടു.

പരീക്ഷയുടെ കാര്യത്തിൽ ഇടപെടുന്നില്ല. വിദ്യാർഥികള്‍ക്ക് പരീക്ഷക്ക് ഒരുങ്ങാൻ സമയം നല്‍കണം. ചുരുങ്ങിയത് രണ്ടാഴ്ച മുമ്പെങ്കിലും പരീക്ഷാ തീയതി പ്രഖ്യാപിക്കണം. പരീക്ഷ നടത്തുന്നതിൽ ആശങ്കയുള്ള വിദ്യാർഥികൾക്ക് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തീര്‍പ്പാക്കി.

അതേസമയം, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്രപ്രദേശിനെയും കേരളത്തെയും സുപ്രീംകോടതി വിമര്‍ശിച്ചു. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ കുട്ടികളെ അപകടത്തിലാക്കാനാകില്ല. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ല. അന്ധ്രാപ്രദേശിനോട് പറഞ്ഞ കാര്യങ്ങൾ കേരളത്തിനും ബാധകമാണെന്നും ഈ വിഷയത്തിൽ കേരളം നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അഞ്ചു ലക്ഷത്തോളം കുട്ടികൾ സംസ്ഥാനത്ത് പരീക്ഷ എഴുതുന്നുണ്ടെന്നും 38000 ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആന്ധ്ര സര്‍ക്കാറിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, കോവിഡ് ആശങ്ക നിലനിൽക്കെ എന്തിനാണ് പരീക്ഷ നടത്തണമെന്ന വാശിയെന്നും മറ്റ് ക്രമീകരണങ്ങൾ ബന്ധപ്പെട്ട ബോര്‍ഡുകളുമായി ആലോചിച്ച് നടപ്പാക്കിക്കൂടെയെന്നും അഭിഭാഷകനോട് സുപ്രീംകോടതി ചോദിച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

Tags:    
News Summary - Supreme Court upholds Plus One exam; Criticism in the Class XII examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.