തിരുവനന്തപുരം: ദിവസേന പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ കൂടുതൽ കുരുക്കിലാക്കുന്നു. പാർട്ടിക്കുള്ളിലും സുരേന്ദ്രനുള്ള പിന്തുണ കുറയുകയാണ്. മുമ്പ് അദ്ദേഹത്തെ പിന്തുണച്ച പലരും ഇൗ വിഷയങ്ങളിൽ മൗനം പാലിക്കുേമ്പാൾ, വിമതർ ഇത് ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ്. ആരോപണത്തെക്കുറിച്ച് വിശദീകരണം വേണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. ആ സാഹചര്യത്തിലാണ് ഞായറാഴ്ച കൊച്ചിയിൽ ബി.ജെ.പി കോർകമ്മിറ്റി യോഗം വിളിച്ചത്. യോഗത്തിൽ ഫണ്ട് തിരിമറി, കുഴൽപ്പണം ഉൾപ്പെടെ വിവാദങ്ങളെക്കുറിച്ച് നേതൃത്വത്തിന് വിശദീകരിക്കേണ്ടിവരും.
നിയമസഭ തെരഞ്ഞെടുപ്പിന് മുേമ്പ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുണ്ടാക്കിയ 'ഡീൽ' ആരോപണം ഉന്നയിച്ചത്. സ്ഥാനാർഥിത്വം ലഭിക്കാത്തതിലുള്ള അതൃപ്തിയാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് നേതൃത്വം അത് തള്ളിയെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആക്ഷേപം കൂടുതൽ ശക്തമായി. 116 മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും 40 ൽ താഴെ മാത്രമാണ് സജീവമായിരുന്നത്. അത് ഇൗ ആക്ഷേപത്തിന് ശക്തി പകർന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നേതാടെ 'ഡീൽ' വീണ്ടും ചർച്ചയായി. പത്തോളം സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചത് ബി.ജെ.പി വോട്ടുകൾ നേടിയാണെന്ന് എൽ.ഡി.എഫും മറിച്ചാണെന്ന ആക്ഷേപവുമായി യു.ഡി.എഫ് നേതാക്കളും രംഗത്തെത്തി. അതിന് പിന്നാലെയാണ് കൊടകര കുഴൽപ്പണക്കേസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. അന്വേഷണം പുരോഗമിക്കും തോറും കെ. സുരേന്ദ്രന് ഇൗ ഇടപാട് നടത്തിയ ചിലരുമായി ബന്ധമുണ്ടെന്ന മൊഴികളാണ് അന്വേഷണസംഘത്തിന് ലഭിക്കുന്നത്.
കെ. സുരേന്ദ്രൻ നേരിട്ട് സി.കെ. ജാനുവിനെ മുന്നണിയിൽ കൊണ്ടുവരാൻ പണം നൽകിയെന്ന ആക്ഷേപമാണ് പിന്നീട് വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹെലികോപ്ടർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളും ഉയരുകയാണ്. മഞ്ചേശ്വരത്തെ അപരനെ മത്സരരംഗത്ത് നിന്ന് ഒഴിവാക്കാൻ നടത്തിയ നീക്കങ്ങളുടെ ആക്ഷേപം കൂടിയാകുന്നതോടെ സുരേന്ദ്രൻ പൂർണമായും പ്രതിരോധത്തിലാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കെട്ടയെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.
മറുപടിയില്ലാതെ ബി.ജെ.പി
തിരുവനന്തപുരം: എതിരാളികളെ പണം കൊടുത്ത് വരുതിയിലാക്കുകയെന്ന ഉത്തരേന്ത്യൻ തന്ത്രം ബി.ജെ.പി കേരളത്തിലും പയറ്റിയെന്ന സംശയം ശക്തിപ്പെടുന്നതാണ് പുതിയ സംഭവവികാസങ്ങൾ. സംസ്ഥാന പ്രസിഡൻറിനെതിരെ മത്സരിക്കാതിരിക്കാൻ വ്യക്തിക്ക് ലക്ഷങ്ങൾ നൽകുക, മുന്നണി വിപുലീകരണത്തിന് മറ്റ് പാർട്ടി നേതാക്കൾക്ക് പണം നൽകുക, തെരഞ്ഞെടുപ്പ് വിജയത്തിന് പണമൊഴുക്കുക, കുഴൽപ്പണം വഴി പണമെത്തിക്കുക തുടങ്ങിയതൊക്കെ ബി.ജെ.പിയുടെ ഉത്തരേന്ത്യൻ മോഡൽ പ്രയോഗത്തിന് തെളിവാണ്.
കേരളത്തിൽ ഇത്രയും പണമിറക്കി ബി.ജെ.പി പ്രചാരണം നടത്തിയ മറ്റൊരു തെരഞ്ഞെടുപ്പും ഉണ്ടായിട്ടില്ല. ദേശീയ-സംസ്ഥാന നേതാക്കൾക്ക് താമസിക്കാനായി മിക്ക ജില്ലയിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് സൗകര്യമൊരുക്കിയത്. ചിലയിടങ്ങളിൽ വലിയ വീടുകൾ വാടകക്കെടുത്തു. സഞ്ചരിക്കാൻ ആഡംബരക്കാറുകൾ, സമൂഹമാധ്യമങ്ങളിലൂടെ തന്ത്രം പയറ്റാനും വിഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കാനും സംസ്ഥാനത്തിന് പുറത്ത് നിന്നുൾപ്പെടെയുള്ള സംഘങ്ങൾ, പ്രവർത്തകർക്ക് ടീ ഷർട്ടുകളും തൊപ്പികളുമുൾപ്പെടെ സാമഗ്രികൾ, സ്ഥാനാർഥികൾ ഉൾപ്പെടെ നേതാക്കൾക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ. അങ്ങനെ നീളുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം. എന്നാൽ, ഫലം വന്നപ്പോൾ ആകെയുള്ള ഒരു സീറ്റ് പോലും നഷ്ടപ്പെട്ട് സംപൂജ്യരായെന്ന് മാത്രം.
പരാജയപ്പെെട്ടങ്കിലും ബി.ജെ.പി നേതാക്കളിൽ പലർക്കും ഇൗ തെരഞ്ഞെടുപ്പ് ഗുണം ചെയ്തെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഗ്രൂപ് ഭേദമന്യേ മിക്ക നേതാക്കൾക്കും ഫണ്ടിെൻറ വിഹിതം ലഭിച്ചെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ചില നേതാക്കൾ സ്വന്തം നിലക്ക് പണം പിരിച്ചെന്ന ആക്ഷേപങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.