തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ നിലപാടുകളിൽ സംസ്ഥാന ബി.ജെ.പിയിൽ അതൃപ്തി. എന്നാൽ, ഇതു തിരുത്തിക്കാനോ അദ്ദേഹത്തെ നിയന്ത്രിക്കാനോ കഴിയാത്ത അവസ്ഥയിലാണ് നേതൃത്വം. കേരളത്തിൽനിന്നുള്ള ഏക പാർലമെന്റംഗവും മന്ത്രിയുമായ ആൾ സ്വീകരിക്കുന്ന സമീപനം ‘പാർട്ടി ലൈൻ’ അല്ല എന്ന അഭിപ്രായം ബി.ജെ.പിയിൽ ശക്തമാണ്. ഏറ്റവുമൊടുവിൽ സിനിമരംഗത്തെ വിവാദവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയിൽനിന്നുണ്ടായ പ്രതികരണവും മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയതും ഒഴിവാക്കാമായിരുന്നതാണെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്.
സിനിമ താരങ്ങള്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ സുരേഷ് ഗോപിയുടെ നിലപാടല്ല ബി.ജെ.പിയുടേതെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പരസ്യമായി പറയേണ്ടിവന്നു. ‘നടന് എന്ന നിലയിലുള്ള അഭിപ്രായമായി കണ്ടാല്‍ മതിയെന്നും പാർട്ടിയിൽ പ്രവർത്തിക്കുന്നവർ അതിനൊത്ത് പോകണം’ എന്നും സുരേന്ദ്രൻ തുറന്നടിച്ചത് പാർട്ടിയിലെ അസംതൃപ്തിയുടെ തുറന്നുപറച്ചിൽ കൂടിയായിരുന്നു.
സുരേഷ് ഗോപി നടൻ എന്നതിലുപരി എം.പിയും കേന്ദ്ര സഹമന്ത്രിയുമാണ് എന്ന ബോധ്യത്തോടെയല്ല പ്രവർത്തിക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്. പാർട്ടി, പാർലമെന്റംഗം, കേന്ദ്രമന്ത്രി എന്നിവയെക്കാൾ പ്രാധാന്യം സിനിമക്ക് സുരേഷ് ഗോപി നൽകുന്നുണ്ട്. കഴിഞ്ഞയാഴ്ച പങ്കെടുത്ത പരിപാടിയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. 22 സിനിമയെങ്കിലും ചെയ്യാനുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇക്കാര്യം അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്നും സിനിമ അഭിനയത്തിന് അനുവാദം നൽകാതെ മന്ത്രി സ്ഥാനത്തുനിന്നും പറഞ്ഞയച്ചാലും പ്രശ്നമില്ലെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
തങ്ങളുടെ ഏക എം.പി സംസ്ഥാന നേതൃത്വത്തിന് വിധേയനാകാതെ മുന്നോട്ടുപോകുന്നതിലുള്ള നീരസം നേതാക്കൾക്കുണ്ട്. എന്നാൽ, കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള സുരേഷ് ഗോപിയെ തിരുത്താനാവില്ലെന്നും അവർ തിരിച്ചറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.