സുരേഷ് ​ഗോപി ഇപ്പോഴും ‘ഓർമയുണ്ടോ ഈ മുഖം, ജസ്റ്റ് റിമംബർ ദാറ്റ്’ എന്ന അവസ്ഥയിൽ; ഒരു ജനപ്രതിനിധിയുടെ മാന്യതയും അന്തസ്സും കാണിക്കണം -ബിനോയ് വിശ്വം

കാസർകോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതികരിക്കുകയും മൈക്ക് തട്ടിമാറ്റുകയും ചെയ്ത കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയെ പരിഹസിച്ച് സി.പി.​ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുരേഷ് ഗോപി ഇപ്പോഴും ‘ഓർമയുണ്ടോ ഈ മുഖം, ജസ്റ്റ് റിമംബർ ദാറ്റ്’ എന്ന അവസ്ഥയിലാണെന്നും അദ്ദേഹം ഒരു ജനപ്രതിനിധിയുടെ മാന്യതയും അന്തസ്സും കാണിക്കണമെന്നും കാസർകോട്ട് പാർട്ടി ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ബിനോയ് വിശ്വം പറഞ്ഞു.

തൃശൂർ രാമനിലയത്തിൽവെച്ചായിരുന്നു സുരേഷ് ഗോപി ‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ നേരെ തിരിഞ്ഞത്. മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ അദ്ദേഹം മൈക്കും തട്ടിക്കളഞ്ഞു. ജനങ്ങൾക്കറിയാനുള്ള ചോദ്യമാണ് തങ്ങൾ ഉന്നയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ‘സൗകര്യമില്ല’ എന്നായിരുന്നു മറുപടി. തുടർന്ന് കാറിൽ കയറി ഡോറടച്ച് സ്ഥലം വിടുകയായിരുന്നു.

രാവിലെ മുകേഷ് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖ നടന്മാർക്കെതിരെ ഉ‍യർന്ന് വരുന്ന ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ‘ഒരു വലിയ സംവിധാനത്തെ തകിടം മറിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതുവെച്ച് നിങ്ങൾ ക്യാഷുണ്ടാക്കിക്കോളൂ. കുഴപ്പമില്ല’ എന്നായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി പറഞ്ഞത്. എന്നാൽ, ഈ വാദത്തെ തള്ളി പാർട്ടി പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്തുവന്നു. സുരേഷ് ഗോപി ഒരു നടനെന്ന നിലയിലാണ് അത് പറഞ്ഞതെന്നും എന്നാൽ, പാർട്ടിക്ക് മറ്റൊരു നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് രാജി വെക്കണമെന്നതാണ് ബി.ജെ.പി നി​ലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സുരേഷ് ഗോപി മാധ്യമങ്ങളുടെ നേരെ തിരിഞ്ഞത്.

Tags:    
News Summary - Suresh Gopi should show the dignity of a representative of the people -Binoy Vishwam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.