തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് ശശി തരൂർ പിന്മാറണമെന്നും മല്ലികാർജുൻ ഖാർഗെക്ക് പിന്തുണ നൽകണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളത്തിൽ നിന്ന് പതിനഞ്ച് പേരുടെ പിന്തുണയുണ്ടെന്ന് തരൂർ പറഞ്ഞതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.
പാർട്ടിയെ നയിക്കാൻ കഴിയുന്ന സംഘടനാപാടവം, പരിചയം, പ്രവർത്തകരുമായുള്ള ബന്ധം, അനുഭവ സമ്പത്ത് ഇവയൊക്കെയാണ് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനെ നിർണയിക്കുന്ന മാനദണ്ഡം. ഇവിടെ മലയാളിയെന്നോ ഉത്തരേന്ത്യക്കാരനെന്നോ പരിഗണനയില്ല. ശശി തരൂരിനെയും മല്ലികാർജുന ഖാർഗെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ എന്തുകൊണ്ടും യോഗ്യൻ ഖാർഗെ തന്നെയാണ്.
ഔദ്യോഗിക പിന്തുണ ഖാർഗെക്ക് തന്നെയായിരിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. പാർട്ടിയുടെ ദലിത് മുഖമാണ് ഖാർഗെ. ജഗ്‌ജീവൻ റാമിന് ശേഷം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ആദ്യമായി ഒരു ദലിത് വിഭാഗത്തിൽപെട്ടയാൾ വരാൻ പോവുകയാണ്. ഈ സാഹചര്യത്തിൽ തരൂർ മത്സരരംഗത്ത് നിന്ന് പിന്മാറണമെന്നാണ് അഭ്യർഥനയെന്നും കൊടിക്കുന്നിൽ പറഞ്ഞു.
കോൺഗ്രസിന്‍റെ അടിത്തട്ട് മുതൽ പ്രവർത്തിച്ച് പടിപടിയായി ഉയർന്നുവന്നയാളാണ് മല്ലികാർജുൻ ഖാർഗെ. ഏറെക്കാലം കർണാടക കാബിനറ്റ് മന്ത്രിയായിരുന്നു. നിർഭാഗ്യം കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി ആകാതിരുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും മറാഠിയിലും പ്രാവീണ്യമുള്ളയാളാണ്. പ്രായത്തിന്‍റെ ഒരു പ്രശ്നം മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. എന്നാൽ, കോൺഗ്രസിന്‍റെ ചരിത്രം നോക്കിയാൽ രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും ഒഴികെയുള്ള അധ്യക്ഷരെല്ലാം 70നും 80നും ഇടയിൽ പ്രായമുള്ളവരായിരുന്നു. അതുകൊണ്ട് പ്രായം ഒരു തടസമല്ല.
ശശി തരൂർ 2009ലാണ് കോൺഗ്രസിലെത്തിയത്. യു.എന്നിൽ അദ്ദേഹം ദീർഘകാലം സേവനം ചെയ്തു. വിശ്വപൗരനാണ്. 2009 മുതൽ 2022 വരെയുള്ള പ്രവർത്തന കാലഘട്ടം പരിശോധിച്ചാൽ അത്രയേറെ സീനിയോറിറ്റി ശശി തരൂരിനില്ല. കോൺഗ്രസിൽ ചേർന്ന ഉടനെ ലോക്സഭാംഗമായി. കേന്ദ്ര മന്ത്രിയാക്കി. പ്രതിപക്ഷത്തായിരുന്നപ്പോൾ പാർലമെന്‍ററി സമിതി അധ്യക്ഷനാക്കി. അങ്ങനെ, അദ്ദേഹത്തിന്‍റെ യോഗ്യതയും കഴിവും അനുസരിച്ചുള്ള പദവികൾ പാർട്ടി നൽകിയിട്ടുണ്ട് -കൊടിക്കുന്നിൽ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും തമ്മിലാണ് പ്രധാന മത്സരം. ഇന്നായിരുന്നു നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ്. 18ന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.