തിരുവനന്തപുരം: വയനാട്ടിലെ മിച്ചഭൂമി വിൽപ്പന നടത്തിയത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ്. വയനാട്ടിലെ വൈത്തിരി താലൂക്കിൽ 200.23 ഏക്കറും കോഴിക്കോട് രാരോത്ത് വില്ലേജിൽ 90.62 ഏക്കറും മിച്ചഭൂമി ഏറ്റെടുക്കാനുണ്ടെന്ന് റവന്യൂ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. 'മാധ്യമം' ഓൺലൈൻ വാർത്തയിൽ ചൂണ്ടിക്കാണിച്ച മിച്ചഭൂമി സംബന്ധിച്ച് പരിശോധിക്കുമെന്നും മന്ത്രി കെ. രാജന്റെ ഓഫിസ് അറിയിച്ചു.
'മാധ്യമ'ത്തിന് ലഭിച്ച വിവര പ്രകാരം കോട്ടപ്പടി, വെള്ളരിമല വില്ലേജുകളിലെ 200.23 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കുന്നതിന് 2016ൽ വൈത്തിരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. എന്നാൽ തുടർ നടപടി സ്വീകരിച്ചില്ല. ഈ ഭൂമി രാജഗിരി റബർ ആൻഡ് പ്രൊഡ്യൂസ് കമ്പനിക്കു വേണ്ടി ഡയറക്‌ടർ കെ. സുരേഷ് കൈമാറ്റം നടത്തി. പുനരധിവാസത്തിന് അനുയോജ്യമായ ഈ ഭൂമി നിലവിൽ ബോച്ചെ ഭൂമിപുത്രയുടെ കൈവശമാണ്. മിച്ചഭൂമി ആയി പ്രഖ്യാപിച്ചതോടെ സർക്കാരിൽ നിഷിദ്ധമായ ഭൂമിയാണിത്. വയനാട് കലക്ടർക്ക് ഈ മിച്ചഭൂമി ഭൂപരിഷ്കണ നിയമം അനുസരിച്ച് ഏറ്റെടുക്കാമെന്നാണ് നിയമവിദഗ്ധർ 'മാധ്യമം' ഓൺലൈനോട് പറഞ്ഞു.
ഹൈകോടതിയുടെ നേരത്തെയുള്ള ഉത്തരവ് പ്രകാരം മിച്ചഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാം. മിച്ചഭൂമിക്ക് ആധാരം നിർമിച്ച് വിൽപ്പന നടത്തിയാൽ അതിനേലുള്ള ഉടമാവകാശം നിലനിൽക്കില്ല. നിയമതടസമില്ലാത്തതിനാൽ മിച്ചഭൂമി ഏറ്റെടുക്കുന്നതിന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ആവശ്യപ്പെട്ടാൽ മതിയെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
1972ൽ ആണ് മിച്ചഭൂമി കേസ് ആരംഭിച്ചത്. 52 വർഷം കഴിഞ്ഞിട്ടും ഈ മിച്ചഭൂമി ഏറ്റെടുക്കാനോ വിതരണം ചെയ്യാനോ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിൽ നടപടികളിൽ റവന്യൂ വകുപ്പ് കാണിച്ച അനാസ്ഥയാണ് ഭൂമി നഷ്ടപ്പെടാൻ കാരണമായത്. ഒടുവിൽ 200 ഏക്കർ മിച്ചഭൂമിക്ക് ആധാരം നിർമിച്ച് ബോച്ചെ ഭൂമിപുത്ര എന്ന കമ്പനിക്ക് വിൽപ്പനയും നടത്തി.
കൽപറ്റ സബ് രജിസട്രാർ ഓഫിസിലെ ആധാരപ്രകാരം, വൈത്തിരി താലൂക്ക് കോട്ടപ്പടി വില്ലേജിലെ ആകെ 860.07 ഏക്കർ ഭൂമി രാജഗിരി റബർ ആൻഡ് പ്രൊഡ്യൂസ് കമ്പനിക്കു വേണ്ടി ഡയറക്‌ടർ കെ. സുരേഷാണ് കൈമാറ്റം നടത്തിയത്. ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ഡയറക്ടർ ലിജോ മുത്തേടനാണ് ഭൂമി തീറ് നൽകിയത്. താലൂക്ക് ലാൻഡ് ബോർഡ് 2016ൽ മിച്ചഭൂമിയായി പ്രഖ്യാപിച്ച 200.23 ഏക്കർ ഭൂമി കൂടി വാങ്ങിയ ബോച്ചെ ആധാരത്തിലെ 10 ാം പോജിൽ മിച്ചഭൂയില്ലെന്നും രേഖപ്പെടുത്തി.
ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 84 പ്രകാരം മിച്ചഭൂമി വാങ്ങിയ ബോച്ചെയുടെ ആധാരം അസാധുവാണ്. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകളെ അട്ടിമറിച്ച ആധാരങ്ങൾ റദ്ദ് ചെയ്യാൻ വകുപ്പ് 120 (എ) പ്രകാരം കലക്ടർക്ക് അധികാരമുണ്ട്. മിച്ചഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിർദേശം നൽകുമോയെന്നാണ് ഇനി അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.