തിരുവനന്തപുരം: തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഇഷാൻ താലിചാർത്തി ഒപ്പം കൂട്ടിയത് സൂര്യയെ മാത്രമായിരുന്നില്ല, വിവാഹചരിത്രത്തെകൂടിയായിരുന്നു. സംസ്ഥാനത്തെ ആദ്യ ട്രാൻസ്െജൻഡർ ദമ്പതികളെന്ന സവിശേഷതയോടെയാണ് ഇൗ ദമ്പതികളെ ചരിത്രം ഇനി അടയാളപ്പെടുത്തുക. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാൻ കെ. ഷാനും വ്യാഴാഴ്ച പ്രസ്ക്ലബിന് സമീപത്തെ മന്നം മെമ്മോറിയൽ ക്ലബിലാണ് വിവാഹിതരായത്.
മതാചാരങ്ങളെല്ലാം ഒഴിവാക്കി ഇരുകൂട്ടരുടെയും ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആശീർവാദവും അനുഗ്രഹവുമായി ട്രാൻസ്സമൂഹം എത്തിയിരുന്നു. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം. രാവിലെ ഒമ്പതരയോടെ വധുവാണ് മണ്ഡപത്തിലേക്ക് കൂട്ടുകാർക്കൊപ്പം ആദ്യമെത്തിയത്. നേരെ മേക്കപ് റൂമിലേക്ക്. പത്തോടെ വരനുമെത്തി. ട്രാൻസ്മാൻ വിഹാൻ പീതാംബർ വരനെ സ്വീകരിച്ചു. തുടർന്ന് ആഘോഷപൂർവം വേദിയിലേക്ക്. അൽപനേരത്തിനകം അണിഞ്ഞൊരുങ്ങിയ സൂര്യയെ സദസ്സിന് നടുവിലൂടെ തോഴിമാർ വേദിയിലേക്ക് ആനയിച്ചു. പാട്ടും നൃത്തവുമായി വർണാഭമായിരുന്നു ആനയിക്കൽ. ശേഷം മണ്ഡപത്തിൽ വിവാഹം.
കുരവയുടെ അകമ്പടിയോടെയായിരുന്നു താലിെകട്ട്. പിന്നാലെ പരസ്പരം പുഷ്പഹാരാർപ്പണം. ചടങ്ങുകൾക്ക് കാർമികത്വം വഹിക്കാൻ ബന്ധുക്കൾക്കൊപ്പം ട്രാൻസ്പ്രതിനിധികളും സജീവമായിരുന്നു. മധുരവും വിതരണം ചെയ്തു. അതിഥികൾക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ആറുവർഷത്തെ സൗഹൃദത്തിന് ഒടുവിലാണ് സൂര്യയും ഇഷാനും വിവാഹിതരാകുന്നത്. ഇരുകുടുംബങ്ങളുടെയും സഹകരണത്തോടെയാണ് വിവാഹം. സൂര്യ 2014ലും ഇഷാൻ 2015 ലുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായത്. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവരാണ് ഇരുവരും. വിവാഹം നാടും നാട്ടുകാരും അറിഞ്ഞുതന്നെ വേണമെന്നത് ഇഷാെൻറ ആഗ്രഹമായിരുന്നു. സൂര്യയും സമ്മതം മൂളി. പിന്നാലെ കുടുംബാംഗങ്ങളും ഒത്തുചേരുകയായിരുന്നു.
കേരളത്തിൽ ആദ്യമായി തിരിച്ചറിയൽ കാർഡ് സ്വന്തമാക്കി വോട്ട് ചെയ്ത ട്രാൻസ്‌ജെൻഡറാണ് സൂര്യ. സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗവും ഡി.വൈ.എഫ്.ഐ പി.എം.ജി യൂനിറ്റ് സെക്രട്ടറിയുമാണ് സൂര്യ. ഇഷാൻ ജില്ല ട്രാൻസ്‌ജെൻഡർ ബോർഡ് അംഗമാണ്. മേയർ വി.കെ. പ്രശാന്ത്, മുൻ എം.പി ടി.എൻ. സീമ, കൗൺസിലർ ഐ.പി. ബിനു, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.