പാലക്കാട്: ആലത്തൂരിൽനിന്ന് മൂന്ന് മാസം മുമ്പ് കാണാതായ കോളജ് വിദ്യാർഥിനി സൂര്യ കൃഷ്ണയെ (21) മുംബൈയിൽനിന്ന് കണ്ടെത്തി. കഴിഞ്ഞ ആഗസ്റ്റ് 30നാണ് പുതിയകം തെലുങ്കുത്തറ രാധാകൃഷ്ണന്‍റെയും സുനിതയുടെയും മകൾ സൂര്യയെ കാണാതായത്. ഉച്ചക്ക് വീട്ടിൽനിന്നിറങ്ങി സമീപത്തെ പിതാവിന്‍റെ കടയിലെത്തുകയും പിന്നാലെ പുസ്തകം വാങ്ങാനായി ആലത്തൂർ ടൗണിലേക്കും പോയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു.
ആലത്തൂരിൽ എത്തിച്ച പെൺകുട്ടിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. മൊബൈൽ ഫോണോ, എ.ടി.എം കാർഡോ, പണമോ, ആഭരണങ്ങളോ എടുക്കാതെ വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടിയെ കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. വീടിന് സമീപത്തെ വഴിയിലൂടെ പെൺകുട്ടി നടന്നുപോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. സൂര്യ പാലക്കാട്ടുനിന്ന് ട്രെയിൻ മാർഗം കോയമ്പത്തൂർ വഴി മുംബൈയിലേക്കാണ് പോയത്. ട്രെയിനിൽനിന്ന് പരിജയപ്പെട്ട പെൺകുട്ടി, മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. അനാഥയാണെന്നാണ് പെൺകുട്ടി ഇവരോട് പറഞ്ഞിരുന്നത്.
അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിരന്തരം നിരീക്ഷിച്ചിരുന്നു. മൊബൈൽ എടുക്കാത്തതിനാൽ പെൺകുട്ടിയുടെ ലൊക്കേഷൻ അറിയാൻ കഴിയാത്തതും വെല്ലുവിളിയായി. എന്നാൽ, അടുത്തിടെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. സൈബർ സെൽ ഐ.പി അഡ്രസും ലൊക്കേഷനും കണ്ടെത്തി. തുടർന്ന് ആലത്തൂരിൽനിന്നുള്ള പൊലീസ് സംഘം മുംബൈയിലെത്തി പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.