കൊച്ചി: അരവിന്ദിെൻറ ഹൃദയം സൂര്യനാരായണെൻറ ഉള്ളിൽ സ്പന്ദിക്കുമ്പോൾ നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം തിരിച്ചുപിടിച്ച സന്തോഷമാണ് കുടുംബത്തിന്. എല്ലാവർക്കും നന്ദി പറഞ്ഞ് സൂര്യനാരായണൻ ബുധനാഴ്ച ആശുപത്രി വിടുമ്പോൾ കണ്ണിൽ ഈറനണിഞ്ഞിരുന്നു.
മാർച്ച് 18നാണ് കായംകുളം സ്വദേശി സൂര്യനാരായണന് (18) തിരുവനന്തപുരത്തുനിന്ന് വ്യോമമാർഗം എത്തിച്ച അരവിന്ദിെൻറ ഹൃദയം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിെൻറ നേതൃത്വത്തിൽ െവച്ചുപിടിപ്പിച്ചത്.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു സൂര്യനാരായണന്. ഹൃദയം മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് ലിസി ആശുപത്രിയിലേക്ക് എത്തിച്ചത്.
ഡോ. ജോസ് ചാക്കോ പെരിയപ്പുറം പരിശോധനകൾ നടത്തി. ഈ ഹൃദയവുമായി ഏതാനും ദിവസം മാത്രമേ ജീവൻ നിലനിർത്താനാകൂവെന്ന യാഥാർഥ്യം മാതാപിതാക്കളെ അറിയിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സൂര്യന് ചേരുന്ന ഹൃദയം ലഭ്യമാണെന്ന കേരള നെറ്റ്വർക്ക് ഫോർ ഓർഗൺ ഷെയറിങ്ങിലെ നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രേഷ്യസിെൻറ സന്ദേശം മൂന്നാംദിനം എത്തി.
നാഗർകോവിലിലെ അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കന്യാകുമാരി സ്വദേശി അരവിന്ദിെൻറ (25) ഹൃദയം അടക്കം അവയവങ്ങളെല്ലാം ദാനംചെയ്യാൻ ബന്ധുക്കൾ സന്നദ്ധരായി. ദൂരം പ്രതിസന്ധിയായപ്പോൾ സർക്കാർ ഹെലികോപ്ടർ വിട്ടുനൽകിയത് കാര്യങ്ങൾ വേഗത്തിലാക്കി.
ശസ്ത്രക്രിയക്കുശേഷം വേഗം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ സൂര്യെൻറ അവയവങ്ങളെല്ലാം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, ജോ. ഡയറക്ടർ ഫാ. റോജൻ നങ്ങേലിമാലിൽ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ മധുരം പങ്കുെവച്ചാണ് സൂര്യനാരായണനെ യാത്രയാക്കിയത്.
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനോടൊപ്പം ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്കർ രംഗനാഥൻ, ഡോ. ജോ ജോസഫ്, ഡോ. ജീവേഷ് തോമസ്, ഡോ. പി. മുരുകൻ, ഡോ. ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ ജോർജ്, ഡോ. ആൻറണി ജോർജ്, ഡോ. അതുൽ എബ്രഹാം എന്നിവരാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.