സൂര്യനെല്ലി കേസ്: സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി

കൊച്ചി: സൂര്യനെല്ലിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈകോടതി ഉത്തരവ്. സിബി മാത്യൂസ് രചിച്ച ‘നിർഭയം’ എന്ന പുസ്തകത്തിലെ ‘സൂര്യനെല്ലി’ അധ്യായത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പേരും വിലാസവും മറ്റ് വിവരങ്ങളും നൽകിയത് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി കെ.കെ. ജോഷ്വ നൽകിയ പരാതിയിലാണ് ജസ്റ്റിസ് ബദറുദ്ദീൻ കേസെടുക്കാൻ മണ്ണന്തല പൊലീസിന് നിർദേശം നൽകിയത്.

ഏഴുദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കണം. പ്രതി മുൻ ഡി.ജി.പി ആയതിനാൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തപക്ഷം പരാതിക്കാരന് മജിസ്‌ട്രേറ്റ് മുമ്പാകെ സ്വകാര്യ അന്യായം സമർപ്പിക്കാം. കേസെടുക്കാൻ വിസമ്മതിച്ച് പൊലീസ് കമീഷണർ പുറപ്പെടുവിച്ച ഉത്തരവ് കോടതി തള്ളി.അതിജീവിതയുടെ പേരില്ലെങ്കിലും അവരെക്കുറിച്ച വിവരങ്ങളെല്ലാം വെളിപ്പെടുത്തുന്ന രീതിയിലാണ് പുസ്തകത്തിലെ പരാമർശങ്ങളെന്ന് പരാതിയിൽ പറയുന്നു. സംഭവം നടന്ന 1996ൽ മൈനറായിരുന്ന പെൺകുട്ടിയുടെ വിശദാംശം വെളിപ്പെടുത്തിയത് ഗുരുതര കുറ്റമാണ്.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെന്ന പരാമർശവും പുസ്തകത്തിലുണ്ട്. ആളെ തിരിച്ചറിയാനാകുംവിധം വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ഇന്ത്യൻ ശിക്ഷാനിയമം 228 പ്രകാരം കുറ്റകരമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Suryanelli case: High court orders investigation against CB Mathews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.