ന്യൂഡൽഹി: സൂര്യനെല്ലി പീഡനകേസിലെ ഇരയെ വെളിപ്പെടുത്തിയ മുൻ ഡി.ജി.പി സിബി മാത്യൂസിെൻറ ആത്മകഥ ‘നിർഭയം’ നിയമക്കുരുക്കിലേക്ക്. പുസ്തകത്തിൽ സൂര്യനെല്ലി പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വിവരം വെളിപ്പെടുത്തിയ മുൻ അന്വേഷണ ഉദ്യോഗസ്ഥൻകൂടിയായ അദ്ദേഹത്തിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സി.പി.െഎയുടെ മഹിള സംഘനയായ നാഷനൽ ഫെഡറേഷൻ ഒാഫ് ഇന്ത്യൻ വുമൺ (എൻ.എഫ്.െഎ.ഡബ്ല്യു) ആലോചന തുടങ്ങി.
ഇരയെ വെളിപ്പെടുത്തിയ സിബി മാത്യൂസിന് എതിരെ കേരള സർക്കാറും വനിത കമീഷനും കേസെടുക്കണമെന്ന് എൻ.എഫ്.െഎ.ഡബ്ല്യു ജനറൽ സെക്രട്ടറിയും സി.പി.െഎ ദേശീയ കൗൺസിൽ അംഗവുമായ ആനി രാജ ആവശ്യപ്പെട്ടു. പെൺകുട്ടിയെ വളരെ മോശമായി ചിത്രീകരിക്കുകയും നീതിക്കു വേണ്ടി സമര രംഗത്തുണ്ടായിരുന്ന വനിതാപ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന ഭാഗം പുസ്തകത്തിൽനിന്ന് നീക്കം ചെയ്യണമെന്നും അവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പുസ്തകം പിൻവലിച്ച് വിവാദ അധ്യായം മാറ്റിയശേഷമേ വിൽക്കാവൂ. പ്രസാധകന് എതിരെയും കേസെടുക്കണം. സുപ്രീംകോടതിയിലും ഹൈകോടതിയിലും കേസ് നിലനിൽക്കവേയാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ വലിയ നിയമലംഘനം നടത്തിയിരിക്കുന്നത്. ഇരയുടെ അച്ഛെൻറയും അമ്മയുടെയും പേര്, അവർ എവിടെ താമസിക്കുന്നു, തൊഴിൽ എന്നീ വിശദാംശം പറഞ്ഞ് ഇരയെ വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യനെല്ലി കേസിനെക്കുറിച്ചുള്ള അധ്യായത്തിൽ. പെൺകുട്ടിയുടെ സ്വഭാവത്തെ മോശമായി ചിത്രീകരിച്ച് പെൺകുട്ടി തെറ്റുകാരിയെന്ന് സ്ഥാപിക്കാനും മറ്റൊരാളെ പരിശുദ്ധനായി പ്രഖ്യാപിക്കാനുമാണ് ഇൗ പരിശ്രമം.
ഒരു അന്വേഷണ ഉദ്യോഗസ്ഥനും ഒരു ജഡ്ജിയും തന്നോട് പറഞ്ഞവ എന്ന് പറഞ്ഞാണ് പെൺകുട്ടിയെ വീണ്ടും ആക്രമിക്കുന്നത്. ഒരു പ്രത്യേക വ്യക്തി ഒന്നും ചെയ്തിട്ടില്ലെന്ന് തെളിയിക്കാനാണ് ഇത്തരത്തിൽ നിയമലംഘനം നടത്തിയിരിക്കുന്നത്. കൂടാതെ ഇരയുടെ നീതിക്കു വേണ്ടി രംഗത്തുവന്ന വനിതസംഘടന പ്രവർത്തകരെ ചാനൽ വിപ്ലവകാരികൾ എന്ന് ആക്ഷേപിച്ചിട്ടുമുണ്ട്. പുസ്തകത്തിലെ വിവാദ അധ്യായത്തെക്കുറിച്ച് കേരളത്തിൽ ചർച്ചയായിട്ടും സംസ്ഥാന സർക്കാർ ഇതുവരെ നടപടി എടുത്തില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകും. ജൂലൈ 19, 20 തീയതികളിൽ ചേരുന്ന എൻ.എഫ്.െഎ.ഡബ്ല്യു ദേശീയനിർവാഹക സമിതി വിഷയം ചർച്ചചെയ്ത് നിയമ നടപടികളിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.