കാക്കനാട് (കൊച്ചി): ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്നു സംശയിക്കുന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ എസ്.എഫ്.ഒ ടെക്നോളജി കമ്പനി ജീവനക്കാരനും കോട്ടയം കിടങ്ങൂർ ചെമ്പിളാവ് ചിറക്കരക്കുഴിയിൽ കെ.കെ. ദിവാകരൻ നായരുടെ മകനുമായ രാഹുൽ ഡി. നായരാണ് (24) മരിച്ചത്. ചിറ്റേത്തുകരയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകക്ക് താമസിക്കുകയായിരുന്നു.
മാവേലിപുരം ലേ ഹയാത്ത് ഹോട്ടലിൽനിന്ന് 18ന് ഓൺലൈൻ ഓർഡറിലൂടെ വരുത്തിയ ഷവർമ കഴിച്ചതിനുശേഷമാണ് രാഹുൽ അവശനിലയിലായതെന്ന് ബന്ധുക്കൾ പറഞ്ഞു. ഷവർമ കഴിച്ച രാഹുലിന് ചെറിയ അസ്വസ്ഥത ഉണ്ടായെന്നും 19ന് ജോലിയിൽ പ്രവേശിക്കുകയും തുടർന്ന് വൈകീട്ട് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തെന്നും കൂട്ടുകാർ പറയുന്നു. 20ന് ഉച്ചയോടെ കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വൈകീട്ട് താമസസ്ഥലത്തേക്ക് മടങ്ങി. 21ന് രാവിലെ വീണ്ടും അവശനിലയിലായ രാഹുലിനെ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ തേടിയെങ്കിലും വിദഗ്ധ ചികിത്സക്ക് അവിടത്തെ ഡോക്ടർ നിർദേശിക്കുകയായിരുന്നു. തീരെ അവശനായ യുവാവിനെ ഞായറാഴ്ച രാവിലെ 10.30ന് കാക്കനാട് സൺറൈസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.
ഇവിടെ എത്തുമ്പോൾ രാഹുൽ അബോധാവസ്ഥയിലായിരുന്നു. വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലായി, ഹൃദയാഘാതവുമുണ്ടായി. അണുബാധയെത്തുടർന്ന് ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായിരുന്നു. ബന്ധുക്കളുമായോ ഡോക്ടർമാരുമായോ രാഹുൽ സംസാരിച്ചിട്ടില്ല. ബുധനാഴ്ച ഉച്ചക്ക് 2.55നാണ് മരണം സ്ഥിരീകരിച്ചത്. മരണകാരണം സ്ഥിരീകരിക്കണമെങ്കിൽ രക്തസാമ്പിളുകളുടെയും പോസ്റ്റ്മോർട്ടത്തിന്റെയും റിപ്പോർട്ട് വരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതയായ അനിതയാണ് രാഹുലിന്റെ മാതാവ്. സഹോദങ്ങൾ: കാർത്തിക്, ഭവ്യ.
തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിർദേശത്തെതുടർന്ന് ഹോട്ടൽ അടച്ചു. ഹോട്ടലുടമക്കെതിരെ പൊലീസ് കേസെടുത്തു.
കൊച്ചി: ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട യുവാവിന്റെ മരണം മറ്റെന്തെങ്കിലും കാരണങ്ങൾ മൂലമാണോയെന്ന് പരിശോധിക്കണമെന്ന് കേരള ഹോട്ടൽ റസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ ഹോട്ടലുകളെ ക്രൂശിക്കരുത്. മരിച്ചയാൾ ഷവർമ കഴിച്ച ദിവസം അതേ ഹോട്ടലിൽനിന്നും ഇരുനൂറോളം പേർ ഷവർമ കഴിച്ചിരുന്നു. അവർക്കൊന്നുമില്ലാത്ത ആരോഗ്യപ്രശ്നം യുവാവിന് മാത്രമുണ്ടായത് മറ്റെന്തെങ്കിലും കാരണം മൂലമാണോയെന്ന് സംശയമുണ്ട്. ഹോട്ടലിന്റെ ഭാഗത്ത് വീഴ്ചകൾ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുന്നതിനെ സംഘടന പിന്തുണക്കുന്നതായും സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.