കണ്ണൂർ: ചാലാട് വീട്ടിൽ കവർച്ചക്കെത്തി വീട്ടമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. വലിയന്നൂർ മതുക്കോത്തെ ആനന്ദൻ (56), മരുമകൻ പി.വി. സൂര്യൻ (42) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. തമിഴ്നാട് സ്വദേശികളായ ഇരുവരും വർഷങ്ങളായി വലിയന്നൂരിലാണ് താമസം. ആക്രി സാധനങ്ങൾ പെറുക്കി വിൽപന നടത്തിയിരുന്ന ഇരുവരും നേരത്തെയും മോഷണകേസുകളിൽ ഉൾപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
സംഘത്തിലെ ഒരാൾകൂടി അറസ്റ്റിലാകാനുണ്ട്. നാടിനെ നടുക്കിയ സംഭവത്തിൽ ഒരാഴ്ചക്കുള്ളിലാണ് പൊലീസ് മോഷ്ടാക്കളെ പിടികൂടിയത്. ചാലാട് അമ്പലത്തിന് സമീപം ഉപ്പടം റോഡിലെ കെ.വി. കിഷോറിന്റെ വീട്ടിൽ ജൂൺ 16ന് പുലർച്ച നാലോടെയാണ് മൂന്നംഗ കവർച്ചസംഘമെത്തിയത്.
വീടിനകത്ത് കയറി കിഷോറിന്റെ ഭാര്യ ലിനിയുടെ സ്വർണമാല ബലമായി പിടിച്ചുപറിക്കാനുള്ള ശ്രമത്തിനിടെ നിലവിളികേട്ട് ഓടിയെത്തിയ മകൻ അഖിനെയും വടി ഉപയോഗിച്ച് കവർച്ചസംഘം ആക്രമിച്ചിരുന്നു. കൈയിൽ കിട്ടിയ സ്റ്റൂളുമായി അഖിൻ മോഷ്ടാക്കളെ പ്രതിരോധിച്ചതോടെ കൂടുതൽ ആളുകൾ എത്തുംമുമ്പേ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. സമീപത്തെ ആശാനിവാസിൽ വിജയന്റെ വീട്ടിലും മോഷണശ്രമമുണ്ടായി.
അടുക്കളയിലെ ജനൽ കമ്പി വളച്ച് അകത്തുകടക്കാനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. ആശാനിവാസിൽ കയറുന്നതിനിടെ കിഷോറിന്റെ വീട്ടിലെ അടുക്കളയിൽ വെളിച്ചം കണ്ടതോടെ ലിനിയുടെ മാലതട്ടിപ്പറിക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. ജനൽ തകർത്തെടുത്ത പട്ടിക കഷ്ണമുപയോഗിച്ചാണ് അഖിനെയും ലിനിയെയും അക്രമിച്ചത്. മുഖംമൂടിപോലും ധരിക്കാതെ കവർച്ചക്കിറങ്ങി വീട്ടുകാരെ അക്രമിച്ച സംഭവത്തിന്റെ ഞെട്ടലിലായിരുന്നു ചാലാട് പ്രദേശം.
മോഷ്ടാക്കൾ തമിഴ് കലർന്ന മലയാളത്തിലാണ് സംസാരിച്ചതെന്ന വീട്ടുകാരുടെ മൊഴിയാണ് പൊലീസിന് തുമ്പായത്. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും നിരീക്ഷണ കാമറകളിൽ മൂന്നുപേർ നടന്നുപോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
സി.സി.ടി.വികൾ പരിശോധിച്ചും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും നടന്ന അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. പിടിയിലായവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തിലെ മൂന്നാമനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തമിഴ്നാട്ടിലടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.