ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫിസറെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. എടത്വ കൃഷി ഓഫിസർ ജിഷമോളാണ് (39) നടപടിക്കിരയായത്. കഴിഞ്ഞദിവസം സൗത്ത് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഫെഡറൽ ബാങ്ക് കോൺവന്റ് സ്ക്വയർ ബ്രാഞ്ചിൽ 500 രൂപയുടെ ഏഴ് വ്യാജ കറൻസി നോട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ബാങ്ക് മാനേജർ ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇവർ അറസ്റ്റിലായത്. ആലപ്പുഴ ഇരുമ്പുപാലത്തിനുസമീപം പ്രവർത്തിക്കുന്ന ഒരു വലക്കടയിൽനിന്ന് ബാങ്കിൽ അടക്കാൻ കൊടുത്തുവിട്ട 3500 രൂപയാണ് വ്യാജ നോട്ടാണെന്ന് കണ്ടെത്തിയത്.
കടയിൽ ടാർപോളിൻ വാങ്ങാൻ വന്നയാൾ നൽകിയതാണെന്നും ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് വ്യാജമെന്ന് മനസ്സിലാക്കിയതെന്നും ഇയാൾ പൊലീസിൽ മൊഴി നൽകി. ഗുരുപുരം ഭാഗത്തെ കുഞ്ഞുമോൻ എന്നയാളാണ് ഇത് നൽകിയതെന്നും കുഞ്ഞുമോന് പണം കൊടുത്തത് ആലപ്പുഴ മുനിസിപ്പൽ പൂന്തോപ്പ് വാർഡിൽ വാടകക്ക് താമസിക്കുന്ന ജിഷമോൾ ആണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. വ്യാജനോട്ടുകളാണിതെന്ന് അറിവുണ്ടായിരുന്നതായി ഇവർ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.