പാമ്പാക്കുട: അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തു. കോതമംഗലം സ്വദേശി പരീത്, അശമന്നൂർ സ്വദേശി ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് പരീതിനെതിരെ നടപടിയെടുത്തത്.
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നതാണ് ബൈജുവിന്റെ പേരിലുള്ള കേസ്. കഴിഞ്ഞദിവസം വൈകീട്ട് ഇരുവരും മദ്യപിച്ച് അരീക്കൽ വെള്ളച്ചാട്ടത്തിലെത്തിയതുമുതൽ സ്ത്രീകളോട് മോശമായി പെരുമാറിയതും പ്രതികരിച്ചവരെ ഭീഷണിപ്പെടുത്തി കയർത്ത് സംസാരിച്ചതും നാട്ടുകാരിൽ എതിർപ്പുണ്ടാക്കിയിരുന്നു.
യുവതിയുടെ ശരീരത്തിൽ തൊട്ടതിനെ മാതാവ് ചോദ്യം ചെയ്തതോടെയാണ് പ്രതികൾ രോഷാകുലരായത്. ഇവരെ നാട്ടുകാർ തടഞ്ഞുെവച്ച് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. രാമമംഗലം പൊലീസ് സംഭവ സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മദ്യലഹരിയിലായിരുന്ന ഇരുവരെയും രാത്രിയിൽ തന്നെ പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്. ബുധനാഴ്ച ഇരുവരെയും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.