പെർഫോമൻസ് ഓഡിറ്റ് നിർത്തലാക്കിയതിൽ ദുരൂഹത

കോഴിക്കോട്: അഴിമതി തടയാൻവേണ്ടി ഉണ്ടാക്കിയ പെർഫോമൻസ് ഓഡിറ്റ് സംവിധാനം നിർത്തലാക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. ഓഡിറ്റ് നിർത്തലാക്കിയത് അഴിമതി വ്യാപകമാകാൻ കളമൊരുക്കുമെന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിലയരുത്തൽ. ഓഡിറ്റ് സംവിധാനം നിർത്തലാക്കാനുള്ള തീരുമാനം ഊരാളുങ്കൽ സൊസൈറ്റി പോലുള്ള സ്ഥാപനങ്ങളുടെ അഴിമതി മറച്ചുപിടിക്കാനാണെന്നും ആക്ഷേപം ഉയരുന്നു.

പൊതുഫണ്ട് നിയമപരമായും അക്കൗണ്ടിങ് തത്വങ്ങളുടെ അടിസ്ഥാനത്തിലുമാണോ ചെലവഴിക്കുന്നതെന്നാണ് പരമ്പരാഗത ധനകാര്യ ഓഡിറ്റിൽ പരിശോധിക്കുന്നത്. അതിൽനിന്ന് ഭിന്നമായ രീതിയാണ് പെർഫോമൻസ് ഓഡിറ്റിലെ പരിശോധന. പെർഫോമൻസ് ഓഡിറ്റ് സംവിധാനത്തിന് 1997-ലെ പഞ്ചായത്ത് രാജ് (പരിശോധന രീതിയും ഓഡിറ്റ് സംവിധാനവും) ചട്ടങ്ങളിലൂടെ രൂപം നകിയതാണ്.

ഒരു പദ്ധതി ചുരുങ്ങിയ ചെലവിൽ കാര്യക്ഷമമായി, ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് പെർഫോമൻസ് ഓഡിറ്റ് മുൻഗണന നൽകിയത്. പദ്ധതിയുടെ ഭാഗമായി നിർമിച്ച പാലം തകർന്ന് വീണതിന് ശേഷം അതിന് കാരണക്കാരായവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിന് പകരം പദ്ധതിയുടെ എസ്റ്റിമോറ്റ് തയാറാക്കുന്നത് മുതലുള്ള ഓരോ ഘട്ടവും പരിശോധന നടത്തും.

പെർഫോമൻസ് ഓഡിറ്റിൽ പദ്ധതി വിഭാഗം ചെയ്ത രീതിയിൽ അത് പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനുമാണ് പരിശോധന നടത്തുന്നത്. ധനകാര്യ ഓഡിറ്റ് സംവിധാനത്തിന്റെ സ്പുടം ചെയ്തെടുത്ത വകഭേദം എന്നാണ് പെർഫോമൻസ് ഓഡിറ്റിനെ വിലയിരുത്തിയത്. വികസന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നുണ്ടെന്നും അതിൽ ഉദ്ദേശിച്ച ഫലങ്ങള്‍ കിട്ടുന്നുണ്ടോയെന്നും വിലയിരുത്തി സമയബന്ധിതമായി നടപടികളെടുക്കാന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കിയിരുന്നു.

മൂന്ന് മാസത്തിലൊരിക്കല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ നടപടികള്‍ അവലോകനം ചെയ്ത് ശരിയായ ഭരണം ഉറപ്പുവരുത്തുകയാണ് പെര്‍ഫോമന്‍സ് ഓഡിറ്റ് ചെയ്തത്. തെറ്റുകള്‍ തിരുത്തുന്നതിനും അവ ആവര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഊന്നല്‍ നകിയത്. ഇതെല്ലാം തകിടം മറിക്കുന്ന തരത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം.

സംസ്ഥാന ഓഫിസർ പരിശോധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നേരിട്ട് നൽകിയിരുന്നു. അതിൽ രാഷ്ട്രീയ ഇടപെടലിനുള്ള സാധ്യത കുറവായിരുന്നു. എ.ജിയുടെ ഓഡിറ്റിന്റെ മാതൃകയിലാണ് ഈ ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. പുതിയ തീരുമാനത്തോടെ എല്ലാം സ്വന്തം വകുപ്പിന്റെ കാൽക്കീഴിലാക്കി.

വി.എസ് അച്യുതാനന്ദന്റെയും ഉമ്മൻ ചാണ്ടിയുടെയും കാലത്ത് എസ്.ദിവാകരൻപിള്ളയായിരുന്നു സംസ്ഥാന പെൻഫോമൻസ് ഓഫിസർ. അദ്ദേഹം നേരത്തെ ഡെപ്യൂട്ടി അക്കൗൺന്റ് ജനറൽ ആയിരുന്നു. സ്വതന്ത്രമായ അന്വേഷണം നടത്താനാണ് ഡെപ്യൂട്ടേഷനിൽ അദ്ദേഹത്തെ നിയോഗിച്ചത്. സെക്രട്ടേറിയറ്റിലെ പാർട്ടി ബന്ധമുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചാണ് ആദ്യം സ്വതന്ത്രമായ ഓഡിറ്റ് തടഞ്ഞത്. ഒടുവിൽ അഴിമതി തടയുന്നതിനുള്ള സംവിധാനം തന്നെ അരിഞ്ഞ് മാറ്റി.

Tags:    
News Summary - Suspicion over termination of performance audit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.