കൊച്ചി: യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൈമാറി. കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശപ്രകാരം ഇ.ഡിക്ക് കൈമാറിയത്.
അന്വേഷണ ഭാഗമായി രഹസ്യമൊഴി ലഭ്യമാക്കണമെന്ന ഇ.ഡിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണിത്. അതിനിടെ, പൊലീസ് സംരക്ഷണം തേടി കോടതിയിൽ നൽകിയ അപേക്ഷ സ്വപ്ന പിൻവലിച്ചു. പൊലീസ് സുരക്ഷക്ക് പകരം കേന്ദ്രസംരക്ഷണം ഒരുക്കണമെന്നാണ് സ്വപ്നക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സ്വപ്ന കോടതിയിൽ ഹരജിയും നൽകിയിട്ടുണ്ട്. എന്നാൽ, തങ്ങൾക്കുപോലും സുരക്ഷയില്ലെന്നും വ്യക്തികൾക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ പരിമിതി ഉണ്ടെന്നും കോടതി ഉത്തരവുണ്ടായാൽ പരിഗണിക്കാമെന്നും ഇ.ഡിയുടെ അഭിഭാഷകൻ പറഞ്ഞു. സംരക്ഷണം ഒരുക്കുന്നത് സംബന്ധിച്ച ഇ.ഡിയുടെ മറുപടിക്കായി ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
കൊച്ചി: തട്ടിപ്പുകാരനായ ഷാജ് കിരണിനെ കേസ് ഒത്തുതീർക്കാൻ വിട്ട അതേ പൊലീസ് തനിക്ക് സംരക്ഷണം തരുമെന്ന് പറയുന്നത് അവിശ്വസനീയമെന്ന് സ്വർണ തട്ടിപ്പ് കേസിലെ പ്രതി സ്വപ്ന സുരേഷ്.
നിരവധി തവണയാണ് മുൻ വിജിലൻസ് മേധാവി എം.ആർ. അജിത്കുമാർ ഷാജ് കിരണുമായി ഫോണിൽ സംസാരിച്ചത്. ഞാൻ എവിടെ പോയി, എന്തിന് പോയി എന്നൊക്കെ ചോദിച്ച് പൊലീസ് കയറിയിറങ്ങി നടപ്പാണ്. അതുകൊണ്ടാണ് പൊലീസ് സംരക്ഷണം ഒഴിവാക്കി പകരം കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടത്. രഹസ്യമൊഴിയിൽ മുൻ മന്ത്രി കെ.ടി. ജലീൽ നടത്തിയ കുറ്റങ്ങളെല്ലാം ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്ന ആവർത്തിച്ചു. കെ.ടി. ജലീലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന പാലക്കാട്ട് മാധ്യമങ്ങളെ കാണാനാണ് സാധ്യത. അഭിഭാഷകൻ ആർ. കൃഷ്ണരാജുമായി കൂടിക്കാഴ്ച നടത്താനായി കൊച്ചിയിലെത്തിയപ്പോഴാണ് മാധ്യമങ്ങളോട് സംസാരിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് സംസ്ഥാനം വിട്ട ഷാജ് കിരണിനെയും ബിസിനസ് പങ്കാളി ഇബ്രാഹിമിനെയും പൊലീസിന് കണ്ടെത്താനായില്ല.
കൊച്ചി: മതവിദ്വേഷം വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലെടുത്ത കേസിൽ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. താൻ സ്വപ്നക്കുവേണ്ടി കോടതിയിൽ ഹാജരാകുന്നത് തടയാനാണ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണരാജിന്റെ ഹരജി.
ഇസ്ലാം വിശ്വാസപ്രകാരമുള്ള വേഷമണിഞ്ഞ് കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നുവെന്ന പേരിൽ ചിത്രമിട്ട് മതസ്പർധ വളർത്തുന്ന കുറിപ്പ് പോസ്റ്റ് ചെയ്തതിനാണ് കൃഷ്ണരാജിനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന ചില വെളിപ്പെടുത്തലുകൾ നടത്തിയതിന്റെ ശത്രുത മുഖ്യമന്ത്രിക്ക് തന്നോടുണ്ട്. ഇതിന്റെ പകപോക്കലായാണ് സ്വപ്നയുടെ അഭിഭാഷകനായ തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ചിത്രമെടുത്തതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും താനല്ല. പരിഹാസ രൂപേണയുള്ള വിമർശനം ഉന്നയിക്കുക മാത്രമാണ് 33 വർഷമായി അഭിഭാഷകനായ താൻ ചെയ്തതെന്നും ഹരജിയിൽ പറയുന്നു.
കൊച്ചി: സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളെത്തുടർന്ന് മുഖ്യമന്ത്രിയുടെ ദൂതനായി തന്നെ കാണാൻ വരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ച ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി.
സ്വപ്നയുടെ വെളിപ്പെടുത്തലുകളെത്തുടർന്ന് തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് കാട്ടിയാണ് കൊട്ടാരക്കര സ്വദേശി ഷാജ് കിരണും വയനാട് സ്വദേശിയായ ഇബ്രാഹിമും ഹരജി നൽകിയത്. ഹരജി ചൊവ്വാഴ്ച കോടതിയുടെ പരിഗണനക്കെത്തിയേക്കും.
മൊഴി മാറ്റാൻ ഷാജ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. പാലക്കാട്ടെ ഓഫിസിലെത്തിയ ഇവരുമായി താൻ സംസാരിച്ചതിന്റെ ശബ്ദരേഖയും സ്വപ്ന പുറത്തുവിട്ടിരുന്നു. ഇതേതുടർന്ന് കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.