തൊടുപുഴ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചു. ഡൽഹി ആസ്ഥാനമായ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്) എന്ന സംഘ്പരിവാർ അനുകൂല എൻ.ജി.ഒയിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി ഡയറക്ടറായാണ് നിയമനം.
തൊടുപുഴയിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ എത്തിയാണ് ചുമതലയേറ്റെടുത്തത്. കോർപറേറ്റ് കമ്പനികളിൽനിന്ന് വിവിധ പദ്ധതികൾക്കായി സി.എസ്.ആർ ഫണ്ട് കണ്ടെത്തി നൽകുക, വിദേശ സഹായം ലഭ്യമാക്കാൻ പ്രവർത്തിക്കുക എന്നിവയാണ് ചുമതല. തൊടുപുഴയിലാണ് ജോലിക്ക് ചേർന്നതെങ്കിലും പാലക്കാട് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം.
പുതിയ ജോലി തന്റെ ജീവിതത്തിലെ രണ്ടാം ഭാഗത്തിന്റെ തുടക്കമാണെന്ന് അവർ പ്രതികരിച്ചു. ആത്മഹത്യയുടെ വക്കിൽനിന്ന് പുതിയ ജോലി ലഭിച്ചത് വലിയ കാര്യമാണ്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയാകും തുടർന്നുള്ള പ്രവർത്തനം. മക്കളെയുമായി ജിവിതം മുന്നോട്ടുകൊണ്ടു പോകണമെങ്കില്‍ ജോലി കൂടിയേ തീരു. എച്ച്.ആര്‍.ഡി.എസ് ജോലി തരാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. കേസും വിവാദങ്ങളും അതിന്റെ വഴിക്കുപോകുമെന്നും ഇനി ജോലിക്കാണ് മുൻഗണനയെന്നും സ്വപ്ന പറഞ്ഞു.
ഗ്രാമീണരും ആദിവാസികളുമായവരുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയാണിതെന്ന് എച്ച്.ആര്‍.ഡി.എസ് പ്രോജക്ട് മാനേജര്‍ ബിജു കൃഷ്ണൻ പറഞ്ഞു. സാമൂഹിക സേവന രംഗത്തെ കഴിവ് പരിഗണിച്ചാണ് ജോലി നല്‍കിയത്. കേസിൽ പ്രതിയാണെങ്കിലും അവരെ കോടതി കുറ്റക്കാരിയായി വിധിക്കാത്തതുകൊണ്ടാണ് നിയമനം നൽകിയതെന്നും ഇദ്ദേഹം വ്യക്തമാക്കി. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.