സ്വപ്നയുടെ പരാതി: വിജേഷ് പിള്ളക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ഭീണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ളക്കെതിരെ ബംഗളൂരു കെ.ആര്‍.പുരം പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി. വിജേഷ് പിള്ളയെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലിലെത്തി സ്വപ്നയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വപ്നയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താൻ ഒറ്റക്കാണ് സ്വപ്നയെ കാണാൻ പോയതെന്ന് വിജേഷ് പറയുന്നുണ്ടെങ്കിലും മറ്റൊരാൾ കൂടി ഒപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിൽ പൊലീസ് അന്വേഷണം നടത്തും. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കും.

എന്നാല്‍, സ്വപ്നയുടെ പരാതിയിൽ രജിസ്റ്റ‍ർ ചെയ്ത പൊലീസ് കേസ് നിയമപരമായി നേരിടുമെന്ന് പ്രതി വിജേഷ് പിളള പറഞ്ഞു. ഹാജരാകാൻ തനിക്ക് കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല. അത് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കുമെന്നും വിജേഷ് പിള്ള വ്യക്തമാക്കി.

തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഹോട്ടലില്‍ വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചതായും ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതനെന്നും സ്വപ്ന പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്ന വെളിപ്പെടുത്തിയത്. കേരളം വിട്ടില്ലെങ്കിൽ പിന്നെ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.

അതേസമയം, സ്വപ്നയെ കാണാന്‍ എത്തിയപ്പോള്‍ തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നാണ് വിജേഷ് പിള്ളയുടെ വാദം. സ്വപ്ന പറഞ്ഞ അജ്ഞാതന്‍ ആരാണെന്ന് അറിയില്ലെന്നും ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം മനസിലാകുമെന്നും വിജേഷ് പറഞ്ഞിരുന്നു.

Tags:    
News Summary - Swapna's complaint: Police registered a case against Vijesh Pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.