കോഴിക്കോട്: തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ വൈറലായ റാസ്പുടിൻ ഡാൻസിന് പിന്തുണയുമായി സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം. വിദ്വേഷ പ്രചരണം സാമൂഹിക മനോരോഗമായി മാറിയെന്ന് സത്യദീപത്തിന്‍റെ മുഖപ്രസംഗം കുറപ്പെടുത്തുന്നു. സഹവർത്തിത്വത്തിന്‍റെ സന്തോഷം മതേതര കേരളം മറന്ന് തുടങ്ങി. ഇത് മാന്യമല്ലാത്ത മാറ്റമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും ചേര്‍ന്ന് അവതരിപ്പിച്ച, 30 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള നൃത്തം വൈറലായി. 1970കളില്‍ യുവത്വത്തിന്‍റെ ഹരമായിരുന്ന യൂറോ-കരീബിയന്‍ ഡാന്‍സ്, ബോണി എമ്മിന്‍റെ റാസ്പുടിന്‍ എന്ന അനശ്വര ട്രാക്കിനൊപ്പമാണ് ഇവര്‍ ചുവടുവെച്ചത്. ചടുലമായ ചുവടുകളിലെ പോസിറ്റീവ് വൈബ്‌സ് ഡാന്‍സിനെ വ്യത്യസ്തമാക്കിയതോടെ രണ്ടു പേരും വളരെ വേഗം സോഷ്യല്‍ മീഡിയായില്‍ താരങ്ങളായി. ചാനലുകളില്‍ അഭിമുഖവും നിറഞ്ഞു.
കാര്യങ്ങള്‍ ഈ വിധം പുരോഗമിക്കുമ്പോഴാണ് ഒരഭിഭാഷകന്‍റെ വിയോജനക്കുറിപ്പ് എഫ്.ബിയില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടു പേരുെടയും മതപശ്ചാത്തലം വെളിപ്പെടുത്തിയായിരുന്നു, ആ വിദ്വേഷ പോസ്റ്റ്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതിലെ 'അപാകത' ചൂണ്ടിക്കാട്ടിയ ആ പ്രതികരണത്തില്‍ മാതാപിതാക്കള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പിന്‍റെ മുനയുണ്ടായിരുന്നു. ഇതിനു ചുവടുപിടിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ യുവനര്‍ത്തകരെ അധിക്ഷേപിച്ചു കൊണ്ടുള്ള വിഷലിപ്ത പോസ്റ്റുകളും വൈറലായതോടെ മതതീവ്രവാദികള്‍ 'ഡാന്‍സ് ജിഹാദ്' എന്ന പുതിയ സംജ്ഞയെ കുറിച്ചുള്ള സംശയങ്ങളുമായി രംഗത്തെത്തി.
സംശയം വ്യക്തികള്‍ക്കിടയിലെ പെരുമാറ്റ വൈകല്യമായിരുന്നത് പഴയ കഥ. ഇന്നത് ഒരു സാമൂഹിക മനോരോഗമായി അതിവഗം മാറിത്തീര്‍ന്നിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് കഴിയുന്ന സഹവര്‍ത്തിത്വത്തിന്‍റെ സന്തോഷം 'മതേതര' കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റം തന്നെയാണ്. എതിരെ വരുന്നയാള്‍ നമ്മുടെ എതിര്‍പക്ഷത്താണെന്ന മുന്നറിയിപ്പുകള്‍ മുന്‍പില്‍ തൂക്കിയാണ് ഒരു ശരാശരി മലയാളിയുടെ നടപ്പ്. ഈ നടപ്പിന് യാതൊരു ദോഷവുമില്ലെന്ന മട്ടിലാണ് മതതീവ്രവാദികളുടെ സംരക്ഷിത ലൈൻ.
നമുക്കിതുവരെയും പരിചിതമല്ലാതിരുന്ന, അസാധാരണമായ ഒരപരിചിതത്വബോധം പരസ്പരം നിറക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഇക്കൂട്ടര്‍ വേഗത്തില്‍ വിജയിക്കുകയാണ്. ചുറ്റുമുള്ളവരെയും ചുറ്റുമുള്ളതിനെയും ഭയപ്പെടണമെന്നാണിവര്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തെയും സ്വീകരിക്കുന്ന മരുന്നിനെയും യാത്ര ചെയ്യുന്ന വാഹനത്തെയും കയറിക്കിടക്കുന്ന വിശ്രമ മന്ദിരത്തെയും സംശയത്തോടെ വീക്ഷിക്കത്തക്കവിധം നമ്മുടെ പൊതുബോധത്തിനുമീതെ തീവ്രമതബോധത്തിന്‍റെ നിഴല്‍ വീഴ്ത്തിത്തന്നെയാണ് ഈ പുതിയ മുന്നേറ്റമെന്നും മുഖപ്രസംഗം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.