മലപ്പുറം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ സമസ്‍ത സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയ സംഭവത്തിൽ എസ്‌വൈഎസ് നേതാവിന് സസ്‌പെൻഷൻ. മലയമ്മ അബൂബക്കർ ഫൈസിയെ സമസ്തയുടെ മുഴുവൻ ഭാരവാഹിത്വങ്ങളിൽ നിന്നും നീക്കി. സംഘടന വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി.
മലപ്പുറത്ത് ചേർന്ന സമസ്ത അന്വേഷണ സമിതി യോഗത്തിന്റേതാണ് തീരുമാനം. എം.സി മായീൻ ഹാജിയുടേതടക്കമുളള വിവാദ വിഷയങ്ങളിൽ സമസ്ത മുശാവറ പ്രഖ്യാപിച്ച അന്വേഷണ സമിതിയാണ് യോഗം ചേർന്നത്. മായീൻ ഹാജിയെയും യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു.
മുസ്‌ലിം ലീഗ് നേതാവും സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗവുമായ എംസി മായീൻ ഹാജി മുശാവറ അംഗം ഉമർ ഫൈസിക്ക് എതിരെ യോഗം വിളിച്ചെന്നും സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ആരോപണമുയർന്നിരുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്‍റെ ഭാഗമായി മലപ്പുറത്ത് വെച്ച് നിശ്ചയിച്ച കൂടിക്കാഴ്ചയിൽ നിന്ന് സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരെ ചിലർ ഇടപെട്ട് തടഞ്ഞതും വിവാദത്തിനിടയാക്കിയിരുന്നു. ഈ കാര്യങ്ങൾ പരിശോധിക്കുന്നതിനായി സമസ്ത മുശാവറ നിയോഗിച്ച അന്വേഷണ സമിതിയാണ് മലപ്പുറത്ത് യോഗം ചേർന്നത്.
സമിതി അംഗങ്ങൾക്ക് പുറമെ മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, മുശാവറ അംഗം ഉമർ ഫൈസി മുക്കം എന്നിവരും യോഗത്തിൽ പങ്കെടുത്തു. മായീൻ ഹാജിയെയും യോഗത്തിലേക്ക് വിളിച്ചു വരുത്തി. ഇരു ഇരു വിഭാഗങ്ങളിൽ നിന്നും അന്വേഷണ സമിതി മൊഴി എടുക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. എംസി മായീൻ ഹാജിക്കെതിരെയും കോഴിക്കോട് ഉള്ള സമസ്തയിലെ തന്നെ ഒരു യുവ നേതാവിനെതിരെയും നടപടി ഉണ്ടാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.